ഭാര്യയുമായി സൗഹൃദം; സ്വകാര്യ ബസ് കണ്ടക്ടറെ ബസിനുള്ളിൽ കയറി കുത്തിക്കൊന്ന പ്രതി പിടിയി‍ൽ

മിനൂപിന്റെ ഭാര്യയുമായി അനീഷിനുണ്ടായിരുന്ന സൗഹൃദമാണ് ആക്രമണത്തിനു കാരണമെന്നാണു പൊലീസ് നൽകുന്ന സൂചന;

Update: 2024-08-31 16:57 GMT

കളമശേരി എച്ച്എംടി ജംക്‌ഷനിൽ സ്വകാര്യ ബസ് കണ്ടക്ടറെ ബസിനുള്ളിൽ കയറി യുവാവ് കുത്തിക്കൊന്നു. ഇടുക്കി രാജകുമാരി കഞ്ഞിക്കുഴി മറ്റത്തിൽ വീട്ടിൽ അനീഷ് പീറ്ററിനെ (25) ആണ് കൊലപ്പെടുത്തിയത്. മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ നിന്നു യാത്രക്കാരുമായി വന്ന ‘അസ്ത്ര’ ബസിനുള്ളിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് സംഭവം. അനീഷിനെ കുത്തിയ ശേഷം ഓടി രക്ഷപ്പെട്ട കളമശേരി ഗ്ലാസ്ഫാക്ടറി നഗർ ചാമപ്പറമ്പിൽ മിനൂപിനെ (തൊപ്പി–35) വൈകിട്ട് മുട്ടത്തു നിന്നു പൊലീസ് പിടികൂടി. മിനൂപിന്റെ ഭാര്യയുമായി അനീഷിനുണ്ടായിരുന്ന സൗഹൃദമാണ് ആക്രമണത്തിനു കാരണമെന്നാണു പൊലീസ് നൽകുന്ന സൂചന.



കൊല്ലപ്പെട്ട അനീഷ് പീറ്റർ (ഇടത്), പ്രതി മിനൂപ് (വലത്)

 അനീഷിന്റെ നെഞ്ചിനാണു കുത്തേറ്റത്. വീണ്ടും കുത്താനുള്ള ശ്രമം തടയുന്നതിനിടയിൽ കയ്യിനും കഴുത്തിനും മുറിവേറ്റു. ബസിനകത്തു കുത്തേറ്റുവീണ അനീഷിനെ ഉടൻതന്നെ ഡ്രൈവറും മറ്റുള്ളവരും ഓട്ടോറിക്ഷയിൽ എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.

ബസിൽ യാത്രക്കാരായി 4 സ്ത്രീകളും ഒരു പുരുഷനും മാത്രമാണ് ഉണ്ടായിരുന്നത്. എച്ച്എംടി ജംക്‌ഷൻ ജുമാമസ്ജിദിനു സമീപം ബസ് നിർത്തിയ ഉടൻ മിനൂപ് പിൻവാതിലിലൂടെ കത്തിയുമായി ഓടിക്കയറുകയായിരുന്നു. കുത്തിയ ശേഷം രക്ഷപ്പെടുന്നതിനിടയിൽ പ്രതി തള്ളിവീഴ്ത്തിയ യാത്രക്കാരിക്കും പരുക്കേറ്റു. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അനീഷിനെ കുത്തിയ ശേഷം മിനൂപ് ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവികളിൽ നിന്നു പൊലീസ് ശേഖരിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണമാണു മിനൂപിനെ കുടുക്കിയത്. ഇയാൾ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിനായി മിനൂപ് എത്തിയ ഇരുചക്രവാഹനവും അക്രമം നടന്ന ബസും പൊലീസ് കസ്റ്റഡിയിലെടുത്തു. ദൃക്സാക്ഷിയായ യാത്രക്കാരന്റെ മൊഴിയിൽ പൊലീസ് കേസെടുത്തു.

Tags:    

Similar News