പിടിമുറുക്കി ഗവര്‍ണര്‍; ഏഴു സര്‍വകലാശാലകളില്‍ സര്‍ക്കാരിന് നിയന്ത്രണം കൈവിട്ടു

മുഖ്യ മന്ത്രി സമര്‍പ്പിച്ച പാനല്‍ തള്ളി ശിവപ്രസാദിനെ ഗവര്‍ണര്‍ നിയമിച്ചത് നേര്‍ക്കുനേര്‍ വെല്ലുവിളിയായി

Update: 2024-12-01 04:44 GMT

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ഗവര്‍ണറുമായുള്ള പോര് കടുത്തതോടെ, സംസ്ഥാനത്തെ ഏഴു പ്രധാന സര്‍വകലാശാലകളില്‍ സര്‍ക്കാരിനും സി.പി.എമ്മിനും നിയന്ത്രണം നഷ്ടമായി. സംഘപരിവാര്‍ അനുകൂല സംഘടനയായ ഉന്നതവിദ്യാഭ്യാസ അധ്യാപകസംഘം പ്രസിഡന്റായിരുന്ന ഡോ. ശിവപ്രസാദിനെ ഡിജിറ്റല്‍ സര്‍വകലാശാലാ വി.സി.യായും സര്‍ക്കാര്‍ ശത്രുപക്ഷത്തുനിര്‍ത്തിയ ഡോ. സിസാ തോമസിനെ ഡിജിറ്റല്‍ സര്‍വകലാശാലയിലും നിയമിച്ചതാണ് സര്‍ക്കാരിനേറ്റ കനത്തപ്രഹരം.

ഡിജിറ്റല്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രോ-ചാന്‍സലര്‍. മുഖ്യ മന്ത്രി സമര്‍പ്പിച്ച പാനല്‍ തള്ളി ശിവപ്രസാദിനെ ഗവര്‍ണര്‍ നിയമിച്ചത് നേര്‍ക്കുനേര്‍ വെല്ലുവിളിയായി. നേരത്തേ കേരള, കാലിക്കറ്റ് സര്‍വകലാശാലകളിലെ സിന്‍ഡിക്കേറ്റില്‍ രണ്ടു ബി.ജെ. പി. അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പട്ടതും സി.പി.എമ്മിനു തിരിച്ചടിയായിരുന്നു. രാഷ്ട്രീയയുദ്ധം സര്‍വകലാശാലകള്‍ ഭരിക്കുന്ന സിന്‍ഡിക്കേറ്റിലും പ്രകടമായിത്തുടങ്ങി.

സംസ്ഥാനത്തെ 14 സര്‍വകലാശാലകളില്‍ ഗവര്‍ണറാണ് ചാന്‍സലര്‍. ഇതില്‍ എം.ജി., മല യാളം, കാര്‍ഷിക സര്‍വകലാശാലകളിലെ വി.സി. നിയമനം ഗവര്‍ണര്‍ നടത്തിയത് സര്‍ക്കാര്‍ പാനലില്‍നിന്നായിരുന്നു. പിന്നീടൊരു നിയമനത്തിലും സര്‍ക്കാരിന്റെ അഭിപ്രായം മാനിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ യു.ഡി.എഫ്. അനുകൂലികളെ വി.സി.യുടെ ചുമതലയേല്‍പ്പിച്ചു. ആരോഗ്യ സര്‍വകലാശാലയില്‍ ഡോ. മോഹനന്‍ കുന്നുമ്മലിന് വൈസ് ചാന്‍സലറായി പുനര്‍നിയമനം നല്‍കി. ഇതുവഴി, അദ്ദേഹത്തിന് 'കേരള'യുടെ ചുമതല നല്‍കാനും ഗവര്‍ണര്‍ക്കായി.

ഇതില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ വി.സി.യും സി.പി.എം. ആധിപത്യമുള്ള സിന്‍ഡിക്കേറ്റും തമ്മിലാണ് ഇപ്പോള്‍ വലിയ ഏറ്റുമുട്ടല്‍. സനാതന ധര്‍മ ചെയര്‍ ഊര്‍ജിതമാക്കിയും വിജിലന്‍സ് കേസിന്റെ പേരില്‍ സിന്‍ഡിക്കേറ്റ് പുറത്താക്കിയ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തും വിവിധസമിതിക ളില്‍ ഇടപെട്ടുമൊക്കെ നിരന്തരം സി.പി.എമ്മുമായി വി.സി. യുദ്ധത്തിലാണ്.

സര്‍വകലാശാലാ ഭരണസമിതിയായ സിന്‍ഡിക്കേറ്റിനെ ഒരുതരത്തിലും മാനിക്കാതെ, ചാന്‍സലറുടെ നേരിട്ടുള്ള നിര്‍ദേശമനുസരിച്ച് വി.സി. പ്രവര്‍ത്തിക്കുന്നുവെന്നാണ് സി.പി.എമ്മിന്റെ ആരോപണം.

Tags:    

Similar News