അടിക്ക് തിരിച്ചടി; കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി ഇന്ത്യ; 5 ദിവസത്തിനുള്ളിൽ രാജ്യം വിടണം
കാനഡയ്ക്കെതിരെ കടുത്ത നടപടിയിലേക്കു കടന്ന് ഇന്ത്യ. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമയെ കേന്ദ്ര സർക്കാർ തിരിച്ചുവിളിച്ചു. ഇതിനൊപ്പം 6 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. ഹൈകമ്മിഷണർ ഉൾപ്പെടെ 6 ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നു കാനഡ അറിയിച്ചതിനു പിന്നാലെയാണ് ഇന്ത്യയും സമാന നടപടി സ്വീകരിച്ചത്.
ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷണർക്കെതിരെ കേസെടുക്കാനുള്ള കാനഡയുടെ നീക്കത്തിൽ പ്രതിഷേധിച്ചാണു കേന്ദ്ര സർക്കാരിന്റെ നടപടി. കാനഡയുടെ ആരോപണങ്ങൾ തള്ളിയും കടുത്ത ഭാഷയിൽ മറുപടി പറഞ്ഞും രംഗത്തെത്തിയതിനു പിന്നാലെയാണു കേന്ദ്ര നീക്കം. കനേഡിയൻ നയതന്ത്ര പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണു നിലപാട് അറിയിച്ചത്.
നിജ്ജാർ വധത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ സംശയനിഴലിൽ ആണെന്നു കാനഡ കത്തയച്ചതിനു പിന്നാലെയാണു കേന്ദ്ര സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചത്. നിലവിലെ കനേഡിയൻ സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനാണു തിരിച്ചു വിളിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.
‘തീവ്രവാദത്തിന്റെയും അക്രമത്തിന്റെയും അന്തരീക്ഷത്തിൽ, ട്രൂഡോ സർക്കാരിന്റെ നടപടികൾ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്ന് അടിവരയിട്ട് പറയേണ്ടതുണ്ട്. അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിലവിലെ കനേഡിയൻ സർക്കാരിനുള്ള പ്രതിബദ്ധതയിൽ ഞങ്ങൾക്കു വിശ്വാസമില്ല. അതിനാൽ, ഇന്ത്യൻ ഹൈക്കമ്മിഷണറെയും കാനഡ സർക്കാർ ലക്ഷ്യമിട്ട മറ്റു നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു’’– വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു
2023 ജൂണിൽ ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണം ഉന്നയിച്ചശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കാനഡയുടെ ആരോപണങ്ങളെ ‘അസംബന്ധം’ എന്നും ‘രാഷ്ട്രീയപ്രേരിതം’ എന്നും ഇന്ത്യ തള്ളിക്കളയുകയും ചെയ്തു. നിജ്ജാർ വധക്കേസിൽ ഇന്ത്യൻ ഹൈക്കമ്മിഷണർക്കു പങ്കുണ്ടെന്ന തരത്തിൽ കാനഡയുടെ അന്വേഷണ റിപ്പോർട്ട് വന്നതോടെയാണു നയതന്ത്ര പ്രതിസന്ധി വീണ്ടും രൂക്ഷമായത്.