നവവധുവിന്റെ മരണത്തില്‍ ഭർത്താവും സുഹൃത്തും അറസ്റ്റിൽ; അജാസ് ഇന്ദുജയെ മര്‍ദിച്ചത് കാറില്‍വച്ച് അഭിജിത്ത് ശ്രമിച്ചത് ഭാര്യയെ ഒഴിവാക്കാന്‍ !

Update: 2024-12-09 04:46 GMT

നവവധു പാലോടുള്ള ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. ഇന്ദുജ(25) യുടെ ഭർത്താവ് അഭിജിത്ത്, സുഹൃത്ത് അജാസ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ പോലീസ് കസ്റ്റഡിയിലായിരുന്നു. അഭിജിത്ത് ഒന്നാം പ്രതിയും അജാസ് രണ്ടാം പ്രതിയുമാണ്. ഇരുവരും ഇന്ദുജയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

Full View

ഇന്ദുജയെ അജാസ് മര്‍ദിച്ചിരുന്നു. മരിക്കുന്നതിന് രണ്ടു ദിവസം മുന്‍പാണ് കാറില്‍ വച്ചാണ് മർദിച്ചത്. ഇന്ദുജ അവസാനമായി ഫോണിൽ സംസാരിച്ചത് അജാസിനോട് ആണെന്നും വ്യക്തമായിട്ടുണ്ട്

അഭിജിത്തിനെതിരെ ഗാർഹിക പീഡനത്തിനും ആത്മഹത്യ പ്രേരണാക്കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്. അജാസിനെതിരെ ഈ കുറ്റങ്ങൾക്കു പുറമെ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിനെതിരെയുള്ള അതിക്രമത്തിനും കേസെടുത്തിട്ടുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് തീരുമാനം.

രണ്ട് വര്‍ഷത്തോളം പ്രണയത്തിലായിരുന്ന ഇന്ദുജയും അഭിജിത്തും 4 മാസം മുൻപ് ആണ് വിവാഹം കഴിച്ചത്. അഭിജിത്തിന്റെ വീടിന് സമീപത്തെ ക്ഷേത്രത്തിൽ എത്തി വിവാഹിതരായി ഒരുമിച്ച് താമസം തുടങ്ങുകയായിരുന്നു. എന്നാല്‍ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

പാലോട് ഭർതൃഗൃഹത്തിലാണ് വെള്ളിയാഴ്ച ഇന്ദുജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽ ഊണ് കഴിക്കാന്‍ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ ഇന്ദുജയെ കണ്ടതെന്നാണ് അഭിജിത്തിന്റെ മൊഴി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും മൊഴിയിലുണ്ട്. അഭിജിത്തിന്റെ അമ്മൂമ്മ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത് എന്നാണ് പറഞ്ഞത്. ഈ കാര്യങ്ങളിലെല്ലാം അന്വേഷണം നടക്കുകയാണ്.

മൂവരും സ്‌കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്. അജാസും ഇന്ദുജയും അടുപ്പത്തിലായിരുന്നു. അജാസിന് ഇന്ദുജയെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടായിരുന്നെങ്കിലും അന്യമതക്കാരനായതിനാൽ ബന്ധുക്കൾ എതിർത്തു. മൂന്നു മാസം മുമ്പ് പുല്ലമ്പാറയിലെ ക്ഷേത്രത്തിലാണ് അഭിജിത്ത് ഇന്ദുജയ്ക്ക് താലിചാർത്തിയത്. വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല. സ്വകാര്യ ലാബ് ജീവനക്കാരിയാണ് ഇന്ദുജ. കാട്ടാക്കട ഡിവൈ.എസ്.പി ഷിബു, പാലോട് സി.ഐ അനീഷ് കുമാർ, എസ്.ഐ റഹിം എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്.

അഭിജിത്തിനെ വിവാഹം കഴിച്ചശേഷവും ഇന്ദുജയുമായി അജാസ് സൗഹൃദം തുടർന്നിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെമറ്റൊരു ബന്ധം ഇന്ദുജയ്ക്കുണ്ടെന്ന് അജാസിന് സംശയമായി. ഇന്ദുജ മരിച്ചതിനും രണ്ടു നാൾ മുമ്പ് അജാസ് കാറിൽ ശംഖുംമുഖത്ത് കൊണ്ടുപോയി ഇക്കാര്യം ചോദിച്ചു. വാക്കുതർക്കത്തിനിടെ ഇന്ദുജയെ മർദ്ദിച്ചു. ഇന്ദുജയെ ഒഴിവാക്കാൻ അജാസ് അഭിജിത്തിനെ നിർബന്ധിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഇന്ദുജയുമായി അഭിജിത്ത് വഴക്കിട്ടു. മർദ്ദിക്കുകയും ചെയ്തു. താൻ മരിക്കാൻ പോകുന്നെന്ന് അജാസിനെ വിളിച്ചറിയിച്ചിട്ടാണ് ഇന്ദുജ ജീവനൊടുക്കിയത്. ഇന്ദുജ അവസാനമായി വിളിച്ചതും അജാസിനെയാണ്.

Tags:    

Similar News