ആര്‍എസ്എസിന് സുരേന്ദ്രന്റെ നിലപാട് സ്വീകാര്യമല്ല; സന്ദീപ് വാര്യര്‍ അവഗണിക്കേണ്ട നേതാവല്ലെന്നും നിലപാട് ! -വെട്ടിലായി സംസ്ഥാന നേതൃത്വം
സംസ്ഥാനത്തെ ബിജെപി നേതൃത്വവും ആര്‍എസ്എസും തമ്മില്‍ നല്ല ബന്ധമല്ല. ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെടുന്നതില്‍ നിന്നും ആര്‍എസ്എസ് മാറി നില്‍ക്കുന്നതും ഈ അസ്വസ്ഥതകളെ തുടര്‍ന്നാണ്.
ഇതിന്റെ ഒടുവിലത്തെ ഇടപെടലാണ് സന്ദീപ് വാര്യരുടെ വിഷയത്തിലും ഉണ്ടായിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ എല്ലാ നിലപാടുകളേയും തള്ളിയാണ് ആര്‍എസ്എസ് നീക്കം. അതും ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം.
പാര്‍ട്ടിക്കുളളില്‍ അവഗണനയെന്ന് സന്ദീപ് വാര്യര്‍ അഭിപ്രായം ഉയര്‍ത്തിയപ്പോള്‍ അതിന് കാര്യമായ ശ്രദ്ധ ബിജെപി സംസ്ഥാന നേതൃത്വം നല്‍കിയില്ല. പലതരത്തില്‍ ഇക്കാര്യത്തില്‍ സന്ദീപ് എതിര്‍പ്പ് അറിയിച്ചെങ്കിലും അതൊന്നും പരിഗണിക്കപ്പെട്ടില്ല. ഒടുവില്‍ പാലക്കാട് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലെത്തി കസേര പോലും ലഭിക്കാതെ അപമാനിതനായതോടെയാണ് സന്ദീപ് പൊട്ടിത്തെറിച്ചത്. എന്നിട്ടും അനുനയിപ്പിക്കാന്‍ ഇടപെടല്‍ കാര്യമായുണ്ടായില്ല.
ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വൈകാരികമായ കുറപ്പില്‍ പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി കൃഷ്ണകുമാറിനേയും സംസ്ഥാന നേതൃത്വത്തേയും ഒരുപോലെ വിമര്‍ശിച്ചിരുന്നു. ഒപ്പം തനിക്ക് നേരെയുണ്ടായ അവഗണനകളെ കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു. അപമാനിച്ച പാലക്കാട്ടേക്ക് ഇനി പ്രചരണത്തിനില്ലെന്നും പ്രഖ്യാപിച്ചു. കൊടകര കുഴല്‍പ്പണക്കേസിലെ വെളിപ്പെടുത്തലോടെ തന്നെ ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളില്‍ കുരുങ്ങിയ ബിജെപിക്ക് ഇത് ഇരട്ടി പ്രഹരമായി.
എന്നാല്‍ പ്രശ്‌നപരിഹാരത്തിനുള്ള ഒരു ശ്രമവും സംസ്ഥാന നേതൃത്വം നടത്തിയില്ല. പകരം സന്ദീപ് വാര്യര്‍ എവിടെ വരെ പോകും എന്ന് നോക്കട്ടെ എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. സന്ദീപ് വാര്യര്‍ ഉയര്‍ത്തുന്ന എതിര്‍പ്പില്‍ ബിജെപിക്ക് യാതൊരു ആശങ്കയുമില്ല. ഉദ്ദേശ്യം എന്താണെന്ന് നോക്കാം. ഇതൊന്നും ബിജെപി കാര്യമായെടുക്കുന്നില്ലെന്നും പറഞ്ഞ് പ്രകോപനത്തിനാണ് സുരേന്ദ്രന്‍ ശ്രമിച്ചത്.
എന്നാല്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ ഞെട്ടിക്കുന്ന ഇടപെടലാണ് ആര്‍എസ്എസ് നടത്തിയത്. ദേശീയ നേതൃത്വം തന്നെ വിഷയത്തില്‍ ഇടപെടുകയായിരുന്നു. ദക്ഷിണേന്ത്യയുടെ ചുമതലയുള്ള വിശേഷ് സമ്പര്‍ക്ക് പ്രമുഖ് എ.ജയകുമാര്‍ സന്ദീപിന്റെ പാലക്കാട് ശ്രീകൃഷ്ണപുരത്തുള്ള വീട്ടില്‍ നേരിട്ടെത്തി. അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറോളമാണ് ചര്‍ച്ച നടത്തിയത്. ഈ നീക്കം സുരേന്ദ്രന്‍ അടക്കമുളള നേതാക്കള്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല.
സംസ്ഥാന അധ്യക്ഷനെ മറികടന്ന് നടത്തിയ ആര്‍എസ്എസ് നീക്കത്തില്‍ സുരേന്ദ്രന്‍ പക്ഷവും അതൃപ്തിയിലാണ്. എന്നാല്‍ ആര്‍എസ്എസ് ഇടപെടല്‍ ഉണ്ടായതിനാല്‍ സന്ദീപിനെതിരെ ഉടന്‍ ഒരു നടപടിയിലേക്ക് കടക്കേണ്ടെന്നാണ് ധാരണ. ഉപതിരഞ്ഞെടുപ്പ് സമത്ത് ആര്‍എസ്എസിനെ ചൊടിപ്പിക്കുന്ന ഒരു തീരുമാനം എടുക്കാതെ പാര്‍ട്ടി അച്ചടക്കം സന്ദീപ് വാര്യര്‍ പാലിക്കുന്നില്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിക്കാനാണ് തീരുമാനം.