പിണറായി കൊലപാതകം: സംശയങ്ങള്‍ ഉന്നയിച്ച് സൗമ്യയുടെ സഹോദരി സന്ധ്യ

April 27, 2018 0 By Editor

പിണറായി: പിണറായിലെ കൂട്ടക്കൊലപാതകങ്ങളെ കറിച്ച് നിരവധി സംശയങ്ങള്‍ ഉന്നയിച്ച് സൗമ്യയുടെ സഹോദരി സന്ധ്യ. സൗമ്യയുമായി ബന്ധമുണ്ടെന്നു പറയുന്ന യുവാവുമായുള്ള വിവാഹത്തിന് ബന്ധുക്കള്‍ തടസ്സം നിന്നിരുന്നില്ലെന്നും പിന്നെ എന്തിന് അവള്‍ ഈ കൃത്യം ചെയ്തുവെന്ന് അറിയില്ലെന്നും സന്ധ്യ പറഞ്ഞു.

നിട്ടൂര്‍ സ്വദേശിയായ യുവാവിനെ വിവാഹം ചെയ്യുന്നതിന് തടസ്സമായതിനാലാണ് അച്ഛനമ്മമാരെയും മകളെയും കൊലപ്പെടുത്തിയതെന്ന സൗമ്യയുടെ കുറ്റസമ്മതമൊഴിയെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു സന്ധ്യയുടെ ഈ പ്രതികരണം. സൗമ്യയുടെ അമ്മ കമലയുടെ മരണശേഷം വിവാഹാലോചനയുമായി സൗമ്യയുടെ കാമുകനായ യുവാവ് വീട്ടുകാരെ സമീപിപ്പിച്ചിരുന്നു. ഇക്കാര്യം ബന്ധുക്കള്‍ ചര്‍ച്ച ചെയ്ത് അനുകൂലനിലപാട് അറിയിക്കുകയും ചെയ്തു. മക്കള്‍ മരിച്ചതോടെ
ഒറ്റപ്പെട്ട സൗമ്യയ്ക്ക് പുതിയ ബന്ധം തുണയാകുമെന്ന വിശ്വാസമായിരുന്നു ഇതിനു കാരണം.
കാമുകനായ യുവാവിനെ കുറിച്ചും എല്ലാവര്‍ക്കും നല്ല അഭിപ്രായമായിരുന്നു എന്ന് സന്ധ്യ പറയുന്നു. വിവാഹ ആലോചനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലായത്. വിഷുവിന് മുമ്പ് മരിക്കുകയും ചെയ്തു. അതിനാല്‍ മരണാനന്തരച്ചടങ്ങുകള്‍ കഴിഞ്ഞ് ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 17-ന് യുവാവിന്റെ ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചയും തീരുമാനിച്ചിരുന്നു. എന്നാല്‍ 16-ന് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സൗമ്യയെ ആശുത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അച്ഛനമ്മമാരാണ് പുതിയ വിവാഹത്തിന് തടസ്സമെന്ന് സൗമ്യ പറഞ്ഞതായാണ് പോലീസ് വിശദീകരണം. എന്നാല്‍ അച്ഛന് ഒരു എതിര്‍പ്പുമുണ്ടായിരുന്നില്ല. പിന്നെ എന്തിന് യുവാവിനൊപ്പം ജീവിക്കാന്‍ അച്ഛനെ ഇല്ലാതാക്കണം.?’-സന്ധ്യ സംശയമുന്നയിച്ചു.
അച്ഛനുമ്മയ്ക്കും സൗമ്യയോട് തന്നേക്കാള്‍ വാത്സല്യമായിരുന്നു. ഐശ്വര്യയ്ക്കും അമ്മ സൗമ്യയെ വലിയ കാര്യമായിരുന്നു. എന്നിട്ടും ഈ ക്രൂരത ഇവരോട് ചെയ്തത് ഇനിയും വിശ്വസിക്കാനാകുന്നില്ല. സൗമ്യക്ക് യാതൊരു നിയമസഹായവും നല്‍കാന്‍ തയ്യാറല്ലെന്നും സന്ധ്യ അറിയിച്ചു. അടുത്ത ദിവസം ഭര്‍ത്താവിന്റെ വൈക്കത്തെ വീട്ടിലേക്ക് തിരിച്ചുപോകുകയാണെന്നും സന്ധ്യ പറഞ്ഞു.

കീര്‍ത്തന അപൂര്‍വരോഗം ബാധിച്ചാണ് മരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ജനുവരി 21-ന് രണ്ടാമത്തെ കുട്ടി മരിച്ചു. എന്നാല്‍ അമ്മ മരിച്ചപ്പോഴാണ് ആരോഗ്യവകുപ്പും പോലീസും അന്വേഷണത്തിനെത്തിയത്. എസ്.എസ്.എല്‍.സി.വിദ്യാഭ്യാസം മാത്രമുള്ള സൗമ്യയ്ക്ക് എങ്ങനെയാണ് കിണറിലെ അമോണിയ മരണകാരണമായെന്ന് പറയാനുള്ള ധാരണ ലഭിച്ചതെന്ന് അറിയില്ല. മൂന്നുപേരെയും കൊല്ലുന്നതിന് എലിവിഷം ഒറ്റത്തവണ മാത്രമാണ് നല്‍കിയതെന്നാണ് സൗമ്യ പറഞ്ഞതായി പോലീസ് വ്യക്തമാക്കുന്നത്- സന്ധ്യ പറഞ്ഞു.
സൗമ്യയുടെ ഭര്‍ത്താവ് കിഷോര്‍ ഇപ്പോള്‍ കൊടുങ്ങല്ലൂരിലാണ് താമസമെന്ന് സന്ധ്യ പറഞ്ഞു. സഹോദരിയുടെ വിവാഹത്തിനായി കൊല്ലത്തുള്ള വീട് വിറ്റതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കൊടുങ്ങല്ലൂരില്‍ താമസമാക്കിയത്. പള്ളൂരിലും ചോനാടത്തുമായി കശുവണ്ടി ഫാക്ടറികളില്‍ ഇപ്പോഴും തൊഴിലുമായി ബന്ധപ്പെട്ട് എത്താറുണ്ട്. എന്നാല്‍ സൗമ്യയുമായും കുടുംബവുമായും ബന്ധമില്ല. ഭര്‍ത്താവ് കിഷോര്‍ ഉപദ്രവിച്ചതായി പോലീസിനോട് സൗമ്യ പറഞ്ഞ മൊഴി സത്യമാണെന്ന് സന്ധ്യ പറഞ്ഞു.