
കണ്ണൂരില്‍ കോളേജില്‍ നിന്നും ടൂറിന് പോയ വിദ്യാര്‍ത്ഥിനി പനിയെ തുടര്‍ന്ന് മരിച്ചു ;സഹപാഠികള്‍ നിരീക്ഷണത്തില്‍
November 22, 2019കണ്ണൂര്‍: കണ്ണൂരില്‍ കോളേജില്‍ നിന്നും ടൂറിന് പോയ വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ച സംഭവത്തില്‍ വൈറസ് ഏതാണെന്ന് കണ്ടുപിടിക്കാന്‍ രക്ത സാമ്പിൾ ആലപ്പുഴ, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് അയച്ചു. കൂത്തുപറമ്പു സ്വദേശി ആര്യശ്രീയാണ് ഇന്ന് രാവിലെ മരിച്ചത്. ഹൃദയപേശികളിലെ അണുബാധയായ മയോകാര്‍ഡിറ്റിസിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് ഡോക്ടറുടെ റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച സഹപാഠികള്‍ക്കൊപ്പം ആര്യശ്രീ ബംഗളുരു, ചിക്ക് മംഗലൂര്‍ എന്നിവിടങ്ങളില്‍ വിനോദയാത്ര പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് തലശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ മിംസിലും എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. തുടര്‍ന്ന് ആര്യ ശ്രീക്കൊപ്പം വിനോദയാത്ര പോയ 38 കുട്ടികളെയും നിരീക്ഷണത്തിനായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.