മഹാരാഷ്ട്ര മുന്‍ എടിഎസ് തലവന്‍ സര്‍വീസ് റിവോള്‍വര്‍ കൊണ്ട് സ്വയം വെടിവച്ച് മരിച്ചു

May 11, 2018 0 By Editor

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീവ്രവാദ വിരുദ്ധ വിഭാഗം മുന്‍ തലവന്‍ ഹിമാന്‍ഷു റോയ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിച്ചു. മുംബയിലെ സ്വന്തം വസതിയില്‍ ഉച്ചയ്ക്ക് 1.40 നായിരുന്നു സംഭവം. ക്യാന്‍സര്‍ രോഗ ബാധിതനായിരുന്ന ഇദ്ദേഹം കഴിഞ്ഞ കുറേ നാളുകളായി അവധിയിലായിരുന്നു. രോഗം ഭേദമാകില്ലെന്ന മനോവിഷമത്തിലാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മുംബൈയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

1988 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഹിമാന്‍ഷു കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകള്‍ തെളിയിച്ചിട്ടുണ്ട്. 2013ല്‍ ഐ.പി.എല്‍ വാതുവയ്പ് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടനായ വിന്ദു ധാരാ സിംഗിനെ അറസ്റ്റ് ചെയ്തത് ഹിമാന്‍ഷുവാണ്. ഇതിന് പുറമെ മാധ്യമ പ്രവര്‍ത്തകന്‍ ജാഡേയുടെ കൊലപാതകം, വിജയ് പലാന്‍ഡേ, ലൈലാ ഖാന്‍ ഇരട്ടക്കൊലപാതകം തുടങ്ങിയ കേസുകള്‍ തെളിയിക്കുന്നതിന് നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു.