മലബാറിന്‌ മെമു” ബാംഗ്ളൂരിലേക്ക്‌ പുതിയ സർവ്വീസ്‌ ; എം.കെ രാഘവൻ എം.പിക്ക്‌ സതേൺ റെയിൽവേയുടെ ഉറപ്പ്

മലബാറിന്‌ മെമു” ബാംഗ്ളൂരിലേക്ക്‌ പുതിയ സർവ്വീസ്‌ ; എം.കെ രാഘവൻ എം.പിക്ക്‌ സതേൺ റെയിൽവേയുടെ ഉറപ്പ്

January 23, 2020 0 By Editor

കോഴിക്കോട്‌: മലബാറിന്റെ റെയിൽവേ വികസനവുമയ്‌ ബന്ധപ്പെട്ട്‌ മുൻപ്‌ നടത്തിയിട്ടുള്ള ചർച്ചകളുടെ തുടർച്ചയായി എം.കെ രാഘവൻ എം.പി സതേൺ റെയിൽവേ ജനറൽ മാനേജരുമായ്‌ ചെന്നൈയിൽ വെച്ച്‌ കൂടികാഴ്ച നടത്തി.

റെയിൽവേ പാലക്കാട്‌ ഡിവിഷണൽ മോണിറ്ററിംഗ്‌ കമ്മറ്റി ചെയർമാൻ എന്ന നിലയിൽ എം.കെ രാഘവൻ എം.പി മലബാറിന്റെയും പാലക്കാട്‌ ഡിവിഷന്റെയും റെയിൽവേക്ക്‌ മുൻപാകെയുള്ള വിവിധ ആവശ്യങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി വിളിച്ചു ചേർത്ത യോഗമായിരുന്നു ഇന്നലെ നടന്നത്.ആവശ്യപ്പെട്ട പ്രകാരം, താരതമ്യേന സർവ്വീസ്‌ വളരെ കുറവുള്ള മലബാർ ജില്ലകൾക്ക്‌ പ്രയോജനകരമാകുന്ന രീതിയിൽ ബാംഗ്ളൂരിലേക്ക്‌ പുതിയ സർവ്വീസ്‌ ആരംഭിക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചുവെന്നും, സൗത്ത്‌ വെസ്റ്റ്‌ റെയിൽവേയുടെ അനുവാദം കൂടി ലഭ്യമായാൽ സർവ്വീസ്‌ ആരംഭിക്കാൻ സാധിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. കൂടാതെ 2020 ൽ പുറത്തിറക്കാനിരിക്കുന്ന ഷെഡ്യൂളിൽ ഉൾപ്പെടുത്തി മലബാറിലൂടെ മെമു സർവ്വീസ്‌ ആരംഭിക്കുമെന്നും ഉറപ്പ്‌ നൽകി.

മംഗലാപുരത്ത്‌ നിന്ന്‌, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ളൂർ, മധുര എന്നീ റൂട്ടുകളിൽ സതേൺ റെയിൽവേക്ക്‌ പുതിയ സർവ്വീസുകൾ ആരംഭിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ തേജസ്‌ ട്രെയിനുകൾ ആരംഭിക്കുന്നതിനായ്‌ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്നും, മറ്റ്‌ ദീർഘദൂര ട്രെയിനുകളുടെ സർവ്വീസ്‌ വർദ്ധിപ്പിക്കുന്നത്‌ ബോർഡിന്‌ വിടാമെന്നും ജനറൽ മാനേജർ പറഞ്ഞു. കോഴിക്കോട്‌ സ്റ്റേഷനിലെ പാർസൽ ബുക്കിംഗിലെ പ്രശ്നങ്ങൾ, കോഴിക്കോട്‌, കടലുണ്ടി, സ്റ്റേഷനുകളുടെ വികസനം, ട്രെയിനുകൾക്ക്‌ സ്റ്റോപ്‌ അനുവദിക്കൽ, പരശുറാം എക്സ്പ്രസ്‌ ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക്‌ കൂടുതൽ കോച്ചുകൾ അനുവദിക്കൽ എന്നിവയെകുറിച്ചും അനുകൂലമായ ചർച്ചകളുണ്ടായി.
എം.പി മുന്നോട്ട്‌ വെച്ച പുതിയ സ്റ്റോപ്പ്‌ നിർദ്ദേശങ്ങളിൽ ട്രെയിനുകളിൽ ഒന്നിനെങ്കിലും ഉടൻ തന്നെ ഫറോക്ക്‌ സ്റ്റേഷനിൽ സ്റ്റോപ്പ്‌ അനുവദിക്കാനായി നടപടി സ്വീകരിക്കുമെന്നും എം.പി യെ അറിയിച്ചു