സോളാർ സമരം പിൻവലിക്കാൻ ഇടനിലക്കാരനായിരുന്നില്ല; ജോണ്‍ മുണ്ടക്കയത്തിന്റെ പരാമര്‍ശം അടിസ്ഥാനരഹിതമെന്നും എന്‍കെ പ്രേമചന്ദ്രന്‍

കൊല്ലം: സോളാര്‍ സമരം പിന്‍വലിക്കാന്‍ താന്‍ ചര്‍ച്ച നടത്തിയെന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ പരാമര്‍ശം അടിസ്ഥാനരഹിതമെന്ന് ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍. എല്‍ഡിഎഫ് നിയോഗിച്ചതനുസരിച്ച് താന്‍…

കൊല്ലം: സോളാര്‍ സമരം പിന്‍വലിക്കാന്‍ താന്‍ ചര്‍ച്ച നടത്തിയെന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ പരാമര്‍ശം അടിസ്ഥാനരഹിതമെന്ന് ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍.

എല്‍ഡിഎഫ് നിയോഗിച്ചതനുസരിച്ച് താന്‍ യുഡിഎഫ് നേതാക്കളുമായി ആശയവിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സോളാര്‍ സമരം പിന്‍വലിച്ചതെന്ന അഭിപ്രായം പൂര്‍ണമായും വസ്തുതക്ക് നിരക്കാത്തതാണ്. അന്ന് അത്തരത്തിലൊരു ചര്‍ച്ച നടത്താന്‍ എല്‍ഡിഎഫ് തന്നെ ചുമതലപ്പെടുത്തിയില്ല, ഏതെങ്കിലും തരത്തില്‍ യുഡിഎഫ് നേതൃത്വമായി പ്രത്യക്ഷമായോ പരോക്ഷമായോ താന്‍ ബന്ധപ്പെട്ടിട്ടില്ല. ആ സമരം അവസാനിപ്പച്ചത് താന്‍ അറിഞ്ഞത് സെക്രട്ടേറിയറ്റ് നടയില്‍ സംസാരിക്കുമ്പോഴായിരുന്നെന്നും പ്രേമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമരം അവസാനിപ്പിക്കാനായി പലതരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി അന്ന് രാവിലെ തന്നെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. തോമസ് ഐസക്ക് കന്റോണ്‍മെന്റ് ഗേറ്റിലും, താന്‍ ട്രിവാന്‍ഡ്രം ഹോട്ടലിന് സമീപമുള്ള തെക്കെ ഗേറ്റിലും സംസാരിക്കുന്നതിനിടെ, അടിയന്തരമായി എകെജി ഓഫീസിലേക്ക് ചൊല്ലാനായി ആര്‍എസ്പിയില്‍ നിന്ന് നിര്‍ദേശം ലഭിച്ചത്. ഇതേ തുടര്‍ന്ന് പ്രസംഗം നിര്‍ത്തി പാര്‍ട്ടി സെക്രട്ടറി എഎ അസീസിനൊപ്പം എകെജി സെന്ററിലെത്തി. അപ്പോഴെക്കും സമരം അവസാനിപ്പിക്കുന്ന ഘട്ടമെത്തിയിരുന്നതായും പ്രേമചന്ദ്രന്‍ പറഞ്ഞു.

സമരം അവസാനിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ എല്‍ഡിഎഫ് നേതാക്കള്‍ വിശദീകരിച്ചു. ജ്യൂഡീഷ്യല്‍ അന്വേഷണം പത്രസമ്മേളനംവിളിച്ച് പരസ്യമായി പറയാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതിനുശേഷം തീരുമാനമെടുക്കാമെന്ന നിര്‍ദേശമാണ് പൊതുവായി വന്നത്. ജ്യൂഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിന് പിന്നാലെ നടന്ന ചര്‍ച്ചകളിലാണ് ഒരു പൊതുസമവായത്തിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കാനുള്ള തീരുമാനം ഉണ്ടായത്. ഇതാണ് വസ്തുതയെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

ഒരു തരത്തിലുള്ള ചര്‍ച്ചയും അന്ന് യുഡിഎഫ് നേതൃത്വവുമായി നടത്തിയിട്ടില്ല. അന്ന് അവരുമായി അങ്ങനെ ഒരു ബന്ധവും തനിക്കുണ്ടായിരുന്നില്ല. എല്‍ഡിഎഫിന്റെ ശക്തനായ വക്താവ് എന്ന നിലയിലായിരുന്നു തന്റെ പ്രവര്‍ത്തനം. എല്‍ഡിഎഫ് തന്നെ ചര്‍ച്ച നടത്താന്‍ വിനിയോഗിച്ചിരുന്നില്ല. പുസ്തക രചനയുമായി ബന്ധപ്പെട്ട് ജോണ്‍ മുണ്ടക്കയം താനുമായി സംസാരിച്ചിരുന്നതായും പ്രേമചന്ദ്രന്‍ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story