കൂടത്തായി കൊലപാതകം  ; മാത്യു മഞ്ചാടിയില്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കൂടത്തായി കൊലപാതകം ; മാത്യു മഞ്ചാടിയില്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

February 3, 2020 0 By Editor

വടകര: കൂടത്തായി കൊലപാതക പരമ്പരയിലെ നാലാമത്തെ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യാ സഹോദരന്‍ മാത്യു മഞ്ചാടിയിലിന്റെ വധക്കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത് . തിങ്കളാഴ്ച രാവിലെ താമരശ്ശേരി മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 2016 പേജുകളുണ്ട്. കേസില്‍ ആകെ 178 സാക്ഷികളുമുണ്ട് .

മറ്റു മൂന്നു കേസുകളിലെ പോലെ ജോളി തന്നെയാണ് മാത്യു മഞ്ചാടിയില്‍ കേസിലും ഒന്നാംപ്രതി. 2014 ഫെബ്രുവരി 24-നാണ് ടോം തോമസിന്റെ ഭാര്യാ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ മരിച്ചത് . ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്‌മോര്‍ട്ടം ചെയ്യിക്കണമെന്നും മാത്യു ആവശ്യപ്പെട്ടിരുന്നു. ഇതാണ് മാത്യുവിനെ കൊലപ്പെടുത്താനുള്ള പ്രധാന കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു .

കൂടാതെ, റോയിയുടെ സ്വത്ത് ഇനി ജോളിക്ക് നല്‍കരുതെന്നും മാത്യു ആവശ്യപ്പെട്ടിരുന്നു. മാത്യുവിനെ ജോളി മദ്യത്തിലും കുടിവെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ പറഞ്ഞു.

മാത്യുവിന്റെ വീട്ടില്‍ ആളില്ലാത്ത തക്കംനോക്കി ജോളി എത്തുകയും ആദ്യം മദ്യത്തില്‍ സയനൈഡ് കലര്‍ത്തി കുടിക്കാന്‍ നല്‍കിയ ശേഷം വീട്ടിലേക്ക് തിരിച്ച്‌ പോവുകയും ചെയ്തു . ശേഷം, കുറച്ച്‌ കഴിഞ്ഞ് വീണ്ടും മാത്യുവിന്റെ വീട്ടിലെത്തി അവശനായായി കിടന്ന മാത്യുവിന് വെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നു. മാത്യു മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.

കൊയിലാണ്ടി സി.ഐ. കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. റോയ് തോമസ്, സിലി, ആല്‍ഫൈന്‍ കേസുകളില്‍ പോലീസ് ഇതിനകം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.