ജെസ്‌ന ജെയിംസ് തിരോധാനം: പാരിതോഷികം പ്രഖ്യാപനത്തിലൂടെ വന്നത് അന്‍പതിലധികം ഫോണ്‍കോളുകള്‍, പ്രതീക്ഷയേകുന്നത് ഒന്ന് മാത്രം

ജെസ്‌ന ജെയിംസ് തിരോധാനം: പാരിതോഷികം പ്രഖ്യാപനത്തിലൂടെ വന്നത് അന്‍പതിലധികം ഫോണ്‍കോളുകള്‍, പ്രതീക്ഷയേകുന്നത് ഒന്ന് മാത്രം

May 13, 2018 0 By Editor

പത്തനംതിട്ട: ജെസ്‌നയെക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് നല്‍കിയ ഫോണ്‍ നമ്പരിലേക്ക് ഇന്നലെ അന്‍പതിലധികം പേര്‍ വിളിച്ചു. തിരുവല്ല ഡിവൈഎസ്പി ആര്‍. ചന്ദ്രശേഖരന്റെ ഫോണ്‍ നമ്പരിലേക്കായിരുന്നു ഫോണ്‍ വിളികളെത്തിയത്.

അന്വേഷണത്തിന് സഹായകമായേക്കാവുന്ന ഒരു കോളില്‍ മാത്രമാണ് പൊലീസിന് പ്രതീക്ഷ. ബെംഗളൂരുവില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി സുല്‍ത്താന്‍ബത്തേരിക്കു വന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ ആണ് ഇങ്ങനെയൊരു വിവരം ഡിവൈഎസ്പിക്ക് ഇന്നലെ കൈമാറിയത്. കഴിഞ്ഞ ദിവസം രാത്രി ബസ് പുറപ്പെടും മുന്‍പ് ജെസ്‌നയെ പോലെയൊരു പെണ്‍കുട്ടി തന്നോട് ഈ ബസ് കേരളത്തിലേക്ക് പോകുന്നതാണോ എന്ന് തിരക്കിയെന്നും ഈ കുട്ടി ആ ബസില്‍ കയറി ഇന്നലെ പുലര്‍ച്ചെ സുല്‍ത്താന്‍ബത്തേരിയില്‍ ഇറങ്ങിയെന്നുമായിരുന്നു ഡ്രൈവര്‍ അറിയിച്ചത്.

ഡിജിപിയുടെ അറിയിപ്പ് ജെസ്‌നയുടെ ഫോട്ടോ വച്ചുള്ളതായിരുന്നതിനാലാണ് ഡ്രൈവര്‍ക്ക് ഇന്നലെ മുഖം ഓര്‍ക്കാനായതെന്നും ഡിവൈഎസ്പിയോടു പറഞ്ഞു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ജെസ്‌നയെ തിരക്കി ബെംഗളൂരുവിലെത്തിയ പൊലീസ് സംഘം ഇന്നലെ തിരിച്ചെത്തി.

ഹൈവേയില്‍ കണ്ടെന്നും ട്രെയിനില്‍ കണ്ടെന്നും തട്ടുകടയില്‍ കണ്ടെന്നുമൊക്കെ പറഞ്ഞായിരുന്നു മറ്റു കോളുകള്‍. എല്ലാ കോളുകളില്‍ നിന്നുള്ള വിവരങ്ങളെക്കുറിച്ചും പ്രാഥമികമായി പൊലീസ് പരിശോധിക്കും. ജെസ്‌നയെ തേടി ബെംഗളൂരുവില്‍ പോയ പൊലീസ് സംഘം നഗരത്തിലെ പല ഭാഗത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് പ്രത്യേക സംഘം ഇത് വിശദമായി പരിശോധിക്കും