കോഴിക്കോട്ട് കൊവിഡ്‌ രോഗികളെ പരിചരിക്കുന്ന നഴ്സിനെ ആശുപത്രിയിലെത്തിച്ച്‌ മടങ്ങിയ ഭര്‍ത്താവിനെതിരെ കേസ്

കോഴിക്കോട്ട് കൊവിഡ്‌ രോഗികളെ പരിചരിക്കുന്ന നഴ്സിനെ ആശുപത്രിയിലെത്തിച്ച്‌ മടങ്ങിയ ഭര്‍ത്താവിനെതിരെ കേസ്

April 17, 2020 0 By Editor

കോഴിക്കോട്: കൊവിഡ്‌ രോഗികളെ പരിചരിക്കുന്ന നഴ്സിനെ ജോലിസ്ഥലത്ത് എത്തിച്ച്‌ മടങ്ങിവരികയായിരുന്ന ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു.
കൊവിഡ്‌ രോഗികളെ പരിചരിച്ചതിന്റെ ഭാഗമായി 14 ദിവസം വീട്ടില്‍ ക്വറിന്റീനില്‍ കഴിഞ്ഞശേഷം വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ ഭാര്യയുമായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്‌ പോയി തിരിച്ച്‌ വരുമ്പോഴാണ് ഭര്‍ത്താവ് ബിബേഷിനെ തടഞ്ഞ് നിര്‍ത്തി മാവൂര്‍ എസ്.ഐ ശ്യാകുമാര്‍ കേസെടുത്തത്. രോഗം പരത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ്‌ കേസ്.
മലപ്പുറം മുതുവല്ലൂര്‍ സ്വദേശിയായ ബിബേഷ് കുന്നത്തിനെതിരേയാണ്‌ കോഴിക്കോട് മാവൂര്‍ പൊലീസ്‌ കേസെടുത്തത്. യാത്ര പോയതിന്റെ കാരണം പറഞ്ഞപ്പോള്‍ തെളിവ്‌ വേണമന്നായി പൊലീസ്. ബിബേഷ് ആവശ്യപ്പെട്ടതു പ്രകാരം നഴ്സിംഗ് സൂപ്രണ്ടിന്റെ ഔദ്യോഗിക സീലടക്കമുളള കത്ത് വാട്സാപ്പിലൂടെ കൈമാറി. എന്നാല്‍ ഫോണില്‍ വന്നത് കാണേണ്ടതില്ലെന്നു പറഞ്ഞ പൊലീസ് ബൈക്ക് സഹിതം സ്റ്റേഷനിലെത്തിച്ച്‌ കേസെടുക്കുകയായിരുന്നു.
പകര്‍ച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി 269, 336 എന്നീ വകുപ്പുകള്‍ ചുമത്തിയാണ്‌ കേസ്. കോവിഡ്‌ രോഗികളെ പരിചരിക്കുന്ന ബിബേഷിന്റെ ഭാര്യ അടക്കമുള്ള നഴ്സുമാര്‍ മെഡിക്കല്‍ കോളജില്‍ ദിവസങ്ങളോളം താമസിച്ചാണ്‌ സേവനം ചെയ്യുന്നത്. ദിവസങ്ങള്‍ക്കുശേഷം വീട്ടില്‍ മടങ്ങി എത്തിയശേഷവും ക്വാറന്റീനില്‍ കഴിയുന്ന നഴ്സിനും ഭര്‍ത്താവിനുമെതിരെയാണ് മാവൂര്‍ പൊലീസ് കള്ളക്കേസ് ചുമത്തിയത്. മാവൂര്‍ സംഭവം ആരോഗ്യ പ്രവര്‍ത്തകരിലും നാട്ടുകാരിലും കടുത്ത പ്രതിഷേധമാണ് ഉളവാക്കിയത്.