മുള്‍മുനയില്‍ കര്‍ണാടക: ബിജെപിക്ക് വെല്ലുവിളിയായി നാളെ വിശ്വാസവോട്ടെടുപ്പ്

ന്യൂഡല്‍ഹി: ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബി.ജെ.പിയുടെ യെദിയൂരപ്പ സര്‍ക്കാര്‍ നാളെ കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി. നാളെ വൈകീട്ട് നാലിനാണ് വിശ്വാസവോെട്ടടുപ്പ്. വോെട്ടടുപ്പ് എങ്ങനെവേണമെന്ന് പ്രോടൈം സ്പീക്കര്‍ തീരുമാനിക്കുമെന്ന് കോടതി വ്യക്തമാക്കി. രഹസ്യ ബാലറ്റ് വേണമെന്ന അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ ആവശ്യം കോടതി തള്ളി. ഭൂരിപക്ഷം തെളിയിക്കാന്‍ തിങ്കളാഴ്ച വരെ സമയം വേണമെന്ന ബി.ജെ.പിയുടെ ആവശ്യവും സുപ്രീംകോടതി നിരാകരിച്ചു. വോട്ടെടുപ്പ് വരെ യെദിയൂരപ്പ നയപരമായ ഒരു തീരുമാനവും എടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

നേരത്തെ, നാളെ വിശ്വാസവോട്ടെടുപ്പിന് തയാറെന്ന് കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കര്‍ണാടകയില്‍ ഗവര്‍ണര്‍ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്. ബി.ജെ.പിക്ക് ഭൂരിപക്ഷമുണ്ടെന്നാണ് യെദിയൂരപ്പയുടെ അവകാശ വാദം. അതിനാല്‍ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതാണ് അഭികാമ്യം. നാളെ തന്നെ സഭയില്‍ വിശ്വാസവോട്ട് നടത്തിക്കൂടെ എന്ന് കോടതി ചോദിച്ചു. ഇതിന് മറുപടിയായാണ് കോണ്‍ഗ്രസിനു വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി വിശ്വാസവോട്ടിന് തയാറാണെന്ന് അറിയിച്ചത്.

എന്നാല്‍ നാളെ വിശ്വാസവോട്ട് നടത്തുന്നതിനെ ബി.ജെ.പി എതിര്‍ത്തു. പെട്ടന്ന് വിശ്വാസ വോട്ട് നടത്തിയാല്‍ സ്വസ്ഥമായി വോട്ടു ചെയ്യാന്‍ കഴിയില്ലെന്നും ബി.ജെ.പിക്ക് വേണ്ടി ഹാജരായ മുകുള്‍ റോഹ്ത്തഗി വാദിച്ചു. യെദിയൂരപ്പ കര്‍ണാടക ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി സുപ്രീംകോടതിയില്‍ ഹാജരാക്കി. കത്തുകള്‍ റോഹ്ത്തഗി കോടതിയെ വായിച്ചു കേള്‍പ്പിച്ചു. തനിക്ക് പിന്തുണയുണ്ടെന്നും പിന്തുണ സഭയില്‍ തെളിയിക്കുമെന്നും കത്തില്‍ യെദിയൂരപ്പ അവകാശപ്പെടുന്നു. എന്നാല്‍ 104 അംഗങ്ങളല്ലാതെ മറ്റ് പിന്തുണക്കുന്നവരുടെ പേരുവിവരങ്ങള്‍ കത്തില്‍ നല്‍കിയിരുന്നില്ല.

ഭൂരിപക്ഷം നിയമസഭയില്‍ തെളിയിച്ചാല്‍ മതിയെന്നാണ് റോഹ്ത്തഗിയും വാദിച്ചത്. ഇത് കണക്ക് കൊണ്ടുള്ള കളിയാണ്. ഗവര്‍ണര്‍ ആരെ ക്ഷണിച്ചാലും ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലാണ്. ആര് ഭൂരിപക്ഷം തെളിയിക്കുന്നുവോ അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാകും. തെരഞ്ഞെടുപ്പിന് മുമ്പും പിമ്പുമുള്ള സഖ്യം വ്യത്യസ്തമാണെന്നും കോടതി നിരീക്ഷിച്ചു. ഗവര്‍ണറുടെ വിവേചനാധികാരത്തിലെ നിയമപ്രശ്‌നം പിന്നീട് വിശദമായി കേള്‍ക്കാമെന്നും കോടതി പറഞ്ഞു.

നാളെ വിശ്വാസവോട്ട് നടത്തുന്നതിന് സുരക്ഷ നല്‍കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെടാമെന്ന് കോടതി. എല്ലാ എം.എല്‍.എമാര്‍ക്കും ഹാജരാകാനുള്ള സൗകര്യ മൊരുക്കാമെന്നും കോടതി വ്യക്തമാക്കി. ആദ്യം ഭരിപക്ഷം തെളിയിക്കെട്ട, നിയമവശം പിന്നീട് പരിഗണിക്കാമെന്ന് കോടതി. വീഡിയോ ഗ്രാഫി ചെയ്യണമെന്ന ആവശ്യം കോടതി നിഷേധിച്ചു. ന്യൂനപക്ഷത്തെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചത് ജനാധിപത്യത്തെ കൊലക്ക് കൊടുക്കലാണെന്നും ഫലം പൂര്‍ണമായും പുറത്ത് വരുംമുമ്പ് തന്നെ യെദിയൂരപ്പ ഭൂരിപക്ഷം പ്രഖ്യാപിച്ചുവെന്നും മനു അഭിഷേക് സിങ്വി വാദിച്ചു. പിന്തുണക്കുന്നവരുടെ ഒപ്പുകള്‍ കോണ്‍ഗ്രസ് നല്‍കിയിരുന്നില്ലെന്നും പേരുകള്‍ മാത്രമാണ് നല്‍കിയിരുന്നതെന്നും ഗവര്‍ണര്‍ക്ക് വേണ്ടി തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ജെ.ഡി.എസ് എം.എല്‍.എ മാരുടെ ഒപ്പ് മാത്രമേയുള്ളുവെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story