സൈബര്‍ സഖാക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന സൈബര്‍ ആക്രമണത്തെ കുറിച്ച്‌ തനിക്കൊന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സൈബര്‍ സഖാക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന സൈബര്‍ ആക്രമണത്തെ കുറിച്ച്‌ തനിക്കൊന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

August 11, 2020 0 By Editor

തിരുവനന്തപുരം: സൈബര്‍ സഖാക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന സൈബര്‍ ആക്രമണത്തെ കുറിച്ച്‌ തനിക്കൊന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ അധിക്ഷേപം സംബന്ധിച്ച്‌ അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും സൈബര്‍ അണികളും നടത്തുന്ന പരാമര്‍ശങ്ങള്‍ ‘അധിക്ഷേപകരമാണോ അതോ സംവാദമാണോ’ എന്ന് പരിശോധിക്കട്ടെയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇത്തരം പ്രസ്താവനകള്‍ കണ്ടിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇതിനെതിരെ കെയുഡബ്ല്യുജെ നല്‍കിയ പരാതി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് ചോദ്യങ്ങളുയര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സാമൂഹ്യ മാധ്യമങ്ങളിലൂടെ മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പത്ര പ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ്‌ ന്യൂസ് റീജിയണല്‍ എഡിറ്റര്‍ ആര്‍ അജയഘോഷിനും ബ്യൂറോ ചീഫ് കെ ജി കമലേഷിനും ജയ്‌ഹിന്ദ്‌ ടി വി യിലെ പ്രമീള ഗോവിന്ദിനും എതിരെയാണ് ആക്രമണം. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരത്തില്‍ പ്രചരണം നടക്കുന്നു. സ്വതന്ത്രമാധ്യമ പ്രവര്‍ത്തനത്തിനെതിരായ കയ്യേറ്റമാണിത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂണിയന്‍ ജില്ല കമ്മിറ്റി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.