പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെയെത്തുന്നു; ലക്ഷ്യം വെക്കുന്നത്  യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം

പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെയെത്തുന്നു; ലക്ഷ്യം വെക്കുന്നത് യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം

September 6, 2020 0 By Editor

മുസ്ലിം ലീഗ് നേതാവും മലപ്പുറം എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നു. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പില്‍ വിജയസാധ്യത പരിശോധിച്ചു കൂട്ടായി പ്രവര്‍ത്തിക്കണം. തിരഞ്ഞെടുപ്പിന്റെ പരിപൂര്‍ണ ചുമതല കുഞ്ഞാലിക്കുട്ടിക്ക് നല്‍കും. കഴിഞ്ഞ തവണ ചുമതല ഏല്പിച്ചത് പാര്‍ട്ടിക്കും മുന്നണിക്കും വിജയമായെന്നും യോഗത്തില്‍ വിലയിരുത്തി. പാര്‍ട്ടിയുടെ അഖിലേന്ത്യാ ഉത്തരവാദിത്വം ഇനി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയ്ക്കായിരിക്കും. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തില്‍ അനിവാര്യമാണെന്ന് ഇ.ടി.മുഹമ്മദ് ബഷീറും പ്രതികരിച്ചു.

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയുടെ പൂര്‍ണ്ണ ചുമതലയാണ് മുസ്ലിം ലീഗ് കുഞ്ഞാലിക്കുട്ടിയെ ഏല്‍പ്പിച്ചിരിക്കുന്നത്. ഭരണം പിടിക്കാന്‍ മുന്നണിയെ ഒരുമിച്ച്‌ കൊണ്ടുപോകുന്നതില്‍ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം അനിവാര്യമാണെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.ഈ പ്രാവശ്യം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടി തിരിച്ചു വരുമ്പോൾ ലീഗ് മനസ്സുവെക്കുന്നത് യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനമാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ യുപിഎ അധികാരത്തില്‍ എത്തിയാല്‍ കേന്ദ്രമന്ത്രിയാകാം എന്ന ലക്ഷ്യത്തിലാണ് കുഞ്ഞാലിക്കുട്ടി കഴിഞ്ഞ തവണ ലോക്‌സഭയിലേക്ക് മത്സരിച്ചത്. എന്നാല്‍, ബിജെപി മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തിയതോടെ എല്ലാത്തിനും കാഴ്ചക്കാരൻ ആവുന്ന അവസ്ഥയായിരുന്നു അദ്ദേഹത്തിന്. എന്നാൽ വരാന്‍ പോകുന്നത് തിരഞ്ഞെടുപ്പുകളുടെ ഒരു ഘോഷയാത്രയാണെന്നും വലിയ വെല്ലുവിളിയാണ് നേരിടാനുള്ളതെന്നും പി.കെ.കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. നടന്നുകൊണ്ടിരിക്കുന്ന ഭരണം കേരളത്തിന് വലിയ മോശമായ സ്ഥിതിയാണുണ്ടാക്കുന്നത്. ഒരു ഗുണവും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.