കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പിന്നാലെ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും  കോവിഡ്

കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പിന്നാലെ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കോവിഡ്

October 6, 2020 0 By Editor

കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി ജോര്‍ജിന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഒരു അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെ കമ്മീഷണര്‍ ഓഫീസിലെ അഞ്ചു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.നേരത്തെ കണ്‍ട്രോള്‍ റൂമിലെ മൂന്നു പോലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കമ്മീഷണറും കൊവിഡ് പൊസീറ്റീവായത്.
കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീയെ ബീച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഡോ.വി.ജയശ്രീയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ഒക്ടോബർ രണ്ടിന് നടന്ന കൊവിഡ് അവലോകന യോഗത്തിൽ മന്ത്രിക്കൊപ്പം ഡിഎംഒയും പങ്കെടുത്തിരുന്നു. യോഗത്തിൽ തീർത്തും ക്ഷീണിതയായ കാണപ്പെട്ട ഡിഎംഒയോട് നിരീക്ഷണത്തിൽ പോകാനും കൊവിഡ് പരിശോധന നടത്താനും ജില്ലാ കളക്ടർ നിർദേശിക്കുകയിരുന്നു. ഇതനുസരിച്ച് ഇന്നലെ കൊവിഡ് പരിശോധന നടത്തിയപ്പോൾ ആണ് ജയശ്രീക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന മൂന്ന് പ്രധാനവ്യക്തികളുടെ സാന്നിധ്യമാണ് ജില്ലയിൽ താത്കാലികമായി ഇല്ലാതാവുന്നത്.