ബാലഭാസ്‌കറിന്റെ മരണം: സി.ബി.ഐ. അന്വേഷണം സ്വര്‍ണക്കടത്തിലേക്ക്

ബാലഭാസ്‌കറിന്റെ മരണം: സി.ബി.ഐ. അന്വേഷണം സ്വര്‍ണക്കടത്തിലേക്ക്

October 15, 2020 0 By Editor

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട സി.ബി.ഐ. അന്വേഷണം സ്വർണക്കടത്ത് കേസിലേക്ക്. ഇതിന്റെ ഭാഗമായി 2019-ലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട രേഖകൾ ഡി.ആർ.ഐ. സി.ബി.ഐ. ഉദ്യോഗസ്ഥർക്ക് കൈമാറി. കേസിൽ വിശദമായ അന്വേഷണം നടത്താനാണ് സി.ബി.ഐ.യുടെ നീക്കം. ബാലഭാസ്കറിന്റെ മാനേജർ പ്രകാശൻ തമ്പി, സുഹൃത്ത് വിഷ്ണു സോമസുന്ദരം എന്നിവരാണ് 2019-ൽ സ്വർണക്കടത്ത് കേസിൽ പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളം വഴി ഇരുവരും ഒട്ടേറെ തവണ സ്വർണം കടത്തിയിരുന്നതായും കണ്ടെത്തിയിരുന്നു. ഇരുവരും പിടിയിലായതിന് പിന്നാലെയാണ് ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘങ്ങൾക്ക് ബന്ധമുണ്ടെന്ന ആരോപണവും ഉയർന്നത്. മാത്രമല്ല, അപകടസ്ഥലത്ത് സ്വർണക്കടത്ത് കേസിലെ പ്രതികളെ കണ്ടതായി കലാഭവൻ സോബി ജോർജും മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് 2019-ലെ സ്വർണക്കടത്ത് കേസിലേക്കും സി.ബി.ഐ. അന്വേഷണം വ്യാപിപ്പിക്കുന്നത്. ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളിൽ സ്വർണക്കടത്തുകാർക്ക് പങ്കുണ്ടോ എന്നതും സി.ബി.ഐ. അന്വേഷിക്കുന്നുണ്ട്. നേരത്തെ വിഷ്ണു സോമസുന്ദരത്തെയും പ്രകാശൻ തമ്പിയെയും സി.ബി.ഐ. നുണപരിശോധനയ്ക്കും വിധേയമാക്കിയിരുന്നു.