കേരള വാട്ടര്‍ അതോറിറ്റിയുടെ പര്‍ച്ചേസ് നയം: പിവിസി പൈപ്പ് നിര്‍മാതാക്കള്‍ കടുത്ത പ്രതിസന്ധിയില്‍

കേരള വാട്ടര്‍ അതോറിറ്റിയുടെ പര്‍ച്ചേസ് നയം: പിവിസി പൈപ്പ് നിര്‍മാതാക്കള്‍ കടുത്ത പ്രതിസന്ധിയില്‍

February 18, 2021 0 By Editor

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ജീവന്‍ പദ്ധതിക്ക് കീഴില്‍ കേരള വാട്ടര്‍ അതോറിറ്റി നടപ്പാക്കുന്ന പ്രധാന കുടിവെള്ള വിതരണ പദ്ധതിക്ക് പിവിസി പൈപ്പുകള്‍ക്ക് പകരം എച്ച്ഡിപിഇ പൈപ്പുകള്‍ ഉപയോഗിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഓള്‍ കേരള സ്‌മോള്‍ സ്‌കേല്‍ പിവിസി പൈപ്പ് മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്‍ (എകെഎസ്എസ്പിപിഎംഎ) ആവശ്യപ്പെട്ടു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വാങ്ങുമ്പോള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എംഎസ്എംഇ യൂണിറ്റുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റോര്‍ പര്‍ച്ചേസ് മാന്വലിലും പര്‍ച്ചേസ് പ്രിഫറന്‍സ് പോളിസിയിലും പറയുന്നത്. ഇതിന് വിരുദ്ധമായാണ് വാട്ടര്‍ അതോറിറ്റി സംസ്ഥാനത്തിന് പുറത്തുള്ള എച്ച്ഡിപിഇ പൈപ്പ് നിര്‍മാതാക്കള്‍ക്ക് ഗുണകരമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. കോവിഡ് 19 വ്യാപനം മൂലം തകര്‍ന്ന് കിടക്കുന്ന പിവിസി പൈപ്പ് നിര്‍മാണ മേഖലയെ വാട്ടര്‍ അതോറിറ്റിയുടെ ഈ നീക്കം കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പിവിസി പൈപ്പുകളുടെ ലഭ്യതക്കുറവും ഉയര്‍ന്ന വിലയുമാണ് ഇതിന് കാരണമായി വാട്ടര്‍ അതോറിറ്റി ചൂണ്ടിക്കാട്ടുന്ന കാരണം. എന്നാല്‍ ഇത് തികച്ചും വസ്തുതാ വിരുദ്ധമാണ്. സെപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ പിവിസി പൈപ്പ് നിര്‍മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുവായ പിവിസി റേസിന് താല്‍കാലിക ക്ഷാമം അനുഭവപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ ആവശ്യത്തിന് ലഭ്യമാണ്. പിന്നെ വിലയുടെ കാര്യം. അസംസ്‌കൃത വസ്തുവിന് 100% വില വര്‍ധിച്ചപ്പോഴും പൈപ്പ് നിര്‍മാതാക്കള്‍ വിവിധ ഘട്ടങ്ങളിലായി 45% മാത്രമാണ് വില വര്‍ധിപ്പിച്ചത്. എന്നിരുന്നാലും ഇപ്പോഴും എച്ച്ഡിപിഇ പൈപ്പിനെ അപേക്ഷിച്ച് പിവിസി പൈപ്പുകള്‍ക്ക് വില കുറവാണ്. പിവിസി റേസിന്റെ വില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ഇതിനായി അപ്പലേറ്റ് അതോറിറ്റി രൂപീകരിക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.  എകെഎസ്എസ്പിപിഎംഎ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ ജബ്ബാര്‍ എം.എം, ജനറല്‍ സെക്രട്ടറി ഇഫ്‌സാന്‍ ഹസീബ്, ട്രഷറര്‍ ജേക്കബ് ജോസ്, ജോയിന്റ് സെക്രട്ടറി കെ. മുരളിമോഹനന്‍, മുന്‍ പ്രസിഡന്റ് എന്‍. സുരേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.