സമരം നീളാൻ കാരണം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം; സിപിഎം നിലപാട് ആത്മാര്‍ഥതയില്ലാത്തത്- മുല്ലപ്പള്ളി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണമെന്ന സിപിഎം സെക്രട്ടേറിയറ്റിന്റെ നിലപാട് ഒട്ടും ആത്മാര്‍ഥതല്ലാത്തതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തുടക്കം മുതല്‍ സമരത്തെയും സമരക്കാരെയും തള്ളിപ്പറയുകയും അടിച്ചമര്‍ത്തുകയും ചെയ്തവരാണ് സിപിഎം. ഇപ്പോഴത്തെ നിലപാട് മാറ്റം ജനവികാരം എതിരാകുമെന്ന തിരിച്ചറിവാണ്.

കോണ്‍ഗ്രസിന്റെ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തുന്ന സമരത്തിന് വമ്പിച്ച ജനപിന്തുണ ലഭിക്കുന്നുണ്ടെന്നുള്ള വസ്തുത സിപിഎമ്മിനെ ഭയപ്പെടുത്തി. അതാണ് പെട്ടെന്നുള്ള മനം മാറ്റത്തിന് കാരണം. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് ഉദ്യോഗാര്‍ത്ഥികളുടെ സമരം ഇത്രയും നീണ്ടുപോകാന്‍ കാരണം. ആദ്യം മുതല്‍ ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടത് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാണ്. ഇതുതന്നെയാണ് കോണ്‍ഗ്രസും ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം സര്‍ക്കാരും മുഖ്യമന്ത്രിയും നിരസിച്ചു.

ഉദ്യോഗാര്‍ഥികളെ കലാപകാരികളാക്കി മന്ത്രിമാര്‍ പരിഹാസ വര്‍ഷം ചൊരിഞ്ഞു. ഉദ്യോഗാര്‍ഥികളുമായി ഒരുഘട്ടത്തിലും ചര്‍ച്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ തുറന്നു പറയുകയും സമരം അവസാനിപ്പിച്ചെങ്കില്‍ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഭീഷണപ്പെടുത്തുകയും ചെയ്തു. എന്നിട്ടും ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിക്കാതെ വന്നപ്പോള്‍ ഡിവൈഎഫ്ഐയെ ഉപയോഗിച്ച് സമരം ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചു. അത് പരാജയപ്പെട്ടപ്പോഴാണ് പുതിയ അടവു നയവുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് കെഎസ് യു പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ പോലീസ് മൃഗീയമായിട്ടാണ് നേരിട്ടത്. ലാത്തിക്കും ധാര്‍ഷ്ട്യത്തിനും മുന്നില്‍ പതറാത്ത സമരക്കാരുടെ പോരാട്ട വീര്യത്തിന് മുന്നിലാണ് സിപിഎം ഇപ്പോള്‍ മുട്ടുമടക്കിയത്.ചര്‍ച്ചയുടെ പേരില്‍ സമരക്കാരെ അനുനയിപ്പിച്ച് ഉദ്യോഗാര്‍ഥികളെ വിഡ്ഡികളാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് കേരളീയ സമൂഹം അനുവദിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story