കര്‍ഷക സമരം ഇന്ന് നയിക്കുന്നത് വനിതകള്‍;40,000 സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരം ഇന്ന് നയിക്കുന്നത് വനിതകള്‍. പഞ്ചാബ്, ഹരിയാന , ഉത്തര്‍ പ്രദേശ് തുടങ്ങിയിടങ്ങളില്‍ നിന്നുള്ള നാല്‍പ്പതിനായിരത്തോളം വനിതാകര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തിച്ചേരുമെന്ന് കര്‍ഷക സംഘടനകള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സിംഘു, ടിക്രി, ഗാസിപൂര്‍ തുടങ്ങിയ പ്രതിഷേധ സ്ഥലങ്ങളിലേക്കാണ് വനിതകള്‍ എത്തുന്നത്. കര്‍ഷക സമരത്തില്‍, സംയുക്ത കിസാന്‍ മോര്‍ച്ച എല്ലായ്‌പ്പോഴും വനിതാകര്‍ഷകരുടെ കരുത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. ടോള്‍ പ്ലാസകളോ സ്ഥിരം സമരവേദികളോ ആകട്ടെ, എല്ലാ പ്രതിഷേധ കേന്ദ്രങ്ങളിലും വനിതകള്‍ നേതൃത്വം നല്‍കും. ഇന്ന് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ച ശേഷം സ്ത്രീകള്‍ വീടുകളിലേക്ക് മടങ്ങുമെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു.