
പെരുന്നാളിന് വ്യാപാരികള്‍ വീട്ടുപടിക്കല്‍ പ്രതിഷേധിക്കും
May 11, 2021കോഴിക്കോട്:കോവിഡിന്റെ പേരില്‍ ചെറുകിട കച്ചവടക്കാരെ ദ്രോഹിക്കുന്നതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വ്യാപാരികളും കുടുംബാംഗങ്ങളും സ്വന്തം വീട്ടുപടിക്കല്‍ പ്രതിഷേധിക്കും. വന്‍കിട കമ്പനികളായ ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ പോലുള്ള കുത്തകകള്‍ക്ക് വ്യാപാരം ചെയ്യാമെന്നും ചെറുകിട കച്ചവടക്കാര്‍ കടകളടച്ച് വീട്ടിലിരിക്കണമെന്നുമുള്ള സര്‍ക്കാറിന്റെ ഇരട്ടനീതിക്കെതിരെയാണ് പ്രതിഷേധം.
വ്യാപാരികളെയും തൊഴിലാളികളെയും ആത്മഹത്യയില്‍ നിന്ന് സംരക്ഷിക്കുക, ചെറുകിട വ്യാപാരികളെ ജീവിക്കാന്‍ അനുവദിക്കുക, ബാങ്ക് ലോണുകള്‍ക്ക് മൊറട്ടോറിയം അനുവദിക്കുക, വിവിധ ലൈസന്‍സുകള്‍ താല്‍ക്കാലികമായി ഒഴിവാക്കുക, സൗജന്യ വാക്സിനേഷന്‍ വ്യാപാരികള്‍ക്കും നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധമെന്ന് ജില്ല യൂത്ത് വിങ് പ്രസിഡന്‍റ് മനാഫ് കാപ്പാട്, സെക്രട്ടറി സലീം രാമനാട്ടുകര, ട്രഷറര്‍ മുര്‍ത്തസ് താമരശ്ശേരി എന്നിവര്‍ അറിയിച്ചു.