ബ്ലാക്ക് ഫംഗസ് അണുബാധയ്ക്കുള്ള മരുന്നിന് കടുത്ത ക്ഷാമം

ബ്ലാക്ക് ഫംഗസ് അണുബാധയ്ക്കുള്ള മരുന്നിന് കടുത്ത ക്ഷാമം

May 22, 2021 0 By Editor

കോവിഡിനൊപ്പം പടരുന്ന ബ്ലാക്ക് ഫംഗസ് അണുബാധയ്ക്കുള്ള മരുന്നിന് കടുത്ത ക്ഷാമം. 10 രോഗികൾ ചികിത്സയിലുള്ള കോഴിക്കോട് മെഡിക്കൽ കോളേജിൽ 10 വയൽ മരുന്നാണ് വെള്ളിയാഴ്ച എത്തിയത്. ഒരു രോഗിക്കുതന്നെ ആറു വയൽ വേണമെന്നിരിക്കെ, കൂടുതൽ മരുന്നെത്തിയില്ലെങ്കിൽ പ്രതിസന്ധിയിലാവുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. ഇഞ്ചക്ഷനായി ഉപയോഗിക്കുന്ന ലൈഫോസോമൽ ആംഫോടെറിസിനിക് എന്ന മരുന്നിനാണ് ക്ഷാമമുള്ളത്. മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ സ്റ്റോറുകളിലൊന്നും ഇതില്ല. നിലവിൽ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ മാത്രമാണ് ചെറിയ അളവിലെങ്കിലും മരുന്നുള്ളത്. അവിടെനിന്ന് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ജില്ലാഭരണകൂടം. കേന്ദ്രത്തിൽനിന്ന് 50 വയൽ മരുന്നേ ഒരു സംസ്ഥാനത്തിന് അനുവദിക്കാറുള്ളൂ. അതിൽനിന്നാണ് ജില്ലാ കളക്ടർ ഇടപെട്ട് 10 വയൽ മരുന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ലഭ്യമാക്കിയത്. അധികം ആവശ്യക്കാരില്ലാത്തതിനാൽ മെഡിക്കൽ ഷോപ്പുകളിൽ ഇത് കൂടുതൽ സ്റ്റോക്ക് ചെയ്യാറില്ല. അതിനാൽ പുറത്തുനിന്നു കിട്ടാൻ ഏറെ പ്രയാസമാണ്. ഒരു വയലിന് 3000 രൂപയാണ് വില. ഒരു ദിവസം ആവശ്യമുള്ള ആറു വയലുകൾക്ക് 18,000 രൂപ ചെലവുവരും.