നിപാ വൈറസ്: രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 42 ദിവസം വീടുകളില്‍ തന്നെ കഴിയണം: ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ചു നല്‍കും

മലപ്പുറം: നിപ്പാ രോഗവ്യാപനം തടയുന്നതിനു ജനങ്ങളുടെ പൂര്‍ണ സഹകരണം അനിവാര്യമാണെന്നു കളകടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ പൂര്‍ണമായും അനുസരിക്കണം. അതേസമയം നിപ്പാ വൈറസ് ബാധിതരുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 42 ദിവസം വീടുകളില്‍ തന്നെ കഴിയണം.

പുറത്തിറങ്ങുകയോ മറ്റു ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യരുത്. ഇത്തരം ആളുകള്‍ക്കാവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ വീടുകളില്‍ എത്തിച്ചു നല്‍കും. പനി ബാധിതരെ സന്ദര്‍ശിക്കുന്നതു പൂര്‍ണമായും ഒഴിവാക്കണം. നിസാര രോഗങ്ങള്‍ക്കു ആളുകള്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നതു ഒഴിവാക്കണം.
ജില്ലയില്‍ നിപ്പാ വൈറസ് ബാധിതരുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ നാനൂറോളം പേര്‍ നിരീക്ഷണത്തിലാണ്. ഇവര്‍ക്കു രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അടിയന്തര ചികിത്സ നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിപ്പാ വൈറസ് ബാധ സംശയിക്കുന്ന ആളുകളെ വിദഗ്ധ ചികിത്സക്കായി ജില്ലക്ക് പുറത്തേക്ക് മാറ്റുമ്പോള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ നിര്‍ബന്ധമായും അിറയിക്കണം.

പ്രത്യേക പരിശീലനം ലഭിച്ച ആരോഗ്യവകുപ്പ് പ്രവര്‍ത്തകരുടെ സഹായത്തില്‍ അതീവ സുരക്ഷയോടെ പ്രത്യേകം സജ്ജമാക്കിയ ആംബുലന്‍സില്‍ മാത്രമേ മാറ്റാവൂ. ഇതിനായി അഞ്ച് ആംബുലന്‍സുകള്‍ ജില്ലയില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. ഇതിലെ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമുള്ളവരെ സഹായിക്കാനായി പെരിന്തല്‍മണ്ണ, തിരൂര്‍ ആര്‍ഡിഒമാരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്. ജൂണ്‍ പകുതി വരെ രോഗ വ്യാപന സാധ്യത കൂടുതലുള്ളതിനാല്‍ പൊതുപരിപാടികളില്‍ നിന്ന് ആളുകള്‍ പൂര്‍ണമായും വിട്ടുനില്‍ക്കണം.

മുന്നിയൂരിലെ കളിയാട്ടം, സമൂഹനോമ്പുതുറ, മത പ്രഭാഷണം, മതപഠന ക്ലാസുകള്‍ തുടങ്ങിയ പരിപാടികളില്‍ നിന്ന് ആളുകള്‍ പൂര്‍ണമായും വിട്ടുനില്‍ക്കണം. പുതിയ സാഹചര്യത്തെത്തുടര്‍ന്നു ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും നഗരസഭാ ചെയര്‍മാന്‍മാരുടെയും സെക്രട്ടറിമാരുടെയും അടിയന്തര യോഗം ഇന്നു ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ ചേരും.

നിപ്പാ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് പ്രാദേശികതലത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനാണ് യോഗം. വൈറസ് വ്യാപനം സംബന്ധിച്ച് അവലോകനം നടത്തുന്നതിനു എല്ലാ ദിവസവും വൈകുന്നേരം നാലിനു പത്യേക കര്‍മസേനയുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും യോഗം കളക്ടറുടെ അധ്യക്ഷതയില്‍ ചേരും.v

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *