ഇംഗ്ലീഷ് ടീമുകൾ മാറ്റുരച്ച ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ചെൽസി യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ

ഇംഗ്ലീഷ് ടീമുകൾ മാറ്റുരച്ച ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ചെൽസി യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ

May 30, 2021 0 By Editor

ഇംഗ്ലീഷ് ടീമുകൾ മാറ്റുരച്ച ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ചെൽസി യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായി. ആദ്യപകുതിയിൽ കായ് ഹാവറ്റ്‌സ് നേടിയ ഗോളാണ് മത്സരത്തിൽ നിർണായകമായത്. പ്രതിരോധം ഭദ്രമാക്കുകയും വേഗത്തിൽ ആക്രമിക്കുകയും ചെയ്ത ചെൽസി ഉടനീളം ആധിപത്യം പുലർത്തിയപ്പോൾ സിറ്റിക്ക് പ്രതീക്ഷിച്ച മികവിലേക്ക് ഉയരാനായില്ല. രണ്ടാം പകുതിയിൽ സൂപ്പർ താരം കെവിൻ ഡിബ്രൂയ്നെക്ക് പരിക്കേറ്റതും ഇംഗ്ലീഷ് ചാമ്പ്യൻമാർക്ക് തിരിച്ചടിയായി.

പ്രീമിയർ ലീഗ് സീസണിൽ ടീമിന്റെ നെടുംതൂണായ ഫെർണാൻഡീഞ്ഞോ, റോഡ്രി എന്നിവർ ഇല്ലാതെയുള്ള ഇലവനെയാണ് സിറ്റി കോച്ച് പെപ് ഗർഡിയോള ഇറക്കിയത്. പരിചയ സമ്പന്നരായ സ്‌ട്രൈക്കർമാരും പെപ്പിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. ഗുണ്ടോഹനും ബെർണാഡോ സിൽവയും ഡിബ്രൂയ്നെയും അണിനിരന്ന മധ്യനിരയെ പ്രതിസന്ധിയിലാക്കാൻ തുടക്കം മുതൽക്കേ ചെൽസിക്ക് കഴിഞ്ഞു. മൂന്ന് ഫുൾബാക്കുകൾ അടങ്ങിയ അവരുടെ ഡിഫൻസ് സിറ്റിയുടെ ആക്രമണനിരയെ ഫലപ്രദമായി ചെറുക്കുകയും ചെയ്‌തു.മത്സരം 42 മിനുട്ട് പിന്നിട്ടപ്പോൾ സിറ്റിയുടെ മധ്യനിരയിലെയും പ്രതിരോധത്തിലെയും വീഴ്ച തുറന്നുകാട്ടി ചെൽസി ലീഡ് നേടി. മൈതാന മധ്യത്തുനിന്ന് മേസൻ മൗണ്ട്‌ നീട്ടിനൽകിയ പാസ് സ്വീകരിച്ച് ബോക്സിൽ കയറിയ ഹാവറ്റ്‌സ് കീപ്പറേയും വെട്ടിയൊഴിഞ്ഞു ആളില്ലാത്ത പോസ്റ്റിലേക്ക് പന്ത് തട്ടിയിടുകയായിരുന്നു.