ഇനിയും ലോക്ഡൗണിലേക്ക് പോകാതിരിക്കാന്‍ ജാഗ്രത തുടരണം; അതിവ്യാപനമുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യം സംസ്ഥാനത്ത് നിലനില്‍ക്കുന്നതായി മുഖ്യമന്ത്രി

ഇനിയും ലോക്ഡൗണിലേക്ക് പോകാതിരിക്കാന്‍ ജാഗ്രത തുടരണം; അതിവ്യാപനമുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യം സംസ്ഥാനത്ത് നിലനില്‍ക്കുന്നതായി മുഖ്യമന്ത്രി

June 14, 2021 0 By Editor

തിരുവനന്തപുരം: അതിവ്യാപനമുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യം സംസ്ഥാനത്ത് നിലനില്‍ക്കുന്നതായി മുഖ്യമന്ത്രി. നിയന്ത്രണങ്ങള്‍ ലംഘിച്ചും മറ്റൊരു മറ്റൊരു ലോക്ക്ഡൗണിലേക്ക് സംസ്ഥാനത്തെ തള്ളിവിടാതിരിക്കാന്‍ എല്ലാവരും ഒരുമിച്ച്‌ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കൊവിഡ് ചികിത്സയ്‌ക്കൊപ്പം കൊവിഡ് ഇതര രോഗികള്‍ ചികിത്സയ്ക്ക് വരുന്നുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് ഇതര രോഗികളെ കൂടുതലായി പരിചരിക്കും. ആരും ആശങ്കപ്പെടേണ്ടതില്ല.

കൊവിഡ് വാക്‌സീന്‍ ലഭിക്കുന്ന മുറയ്ക്ക് വാക്‌സീനേഷന്‍ അതിവേഗം പൂര്‍ത്തിയാക്കാനാണ് ശ്രമം. എന്നാല്‍ എത്ര ശ്രമിച്ചാലും സാമൂഹികപ്രതിരോധം കൈവരിച്ച്‌ രോഗനിയന്ത്രണം കൈവരിക്കാന്‍ മാസങ്ങളും വര്‍ഷങ്ങളും എടുത്തേക്കും. ടെലിമെഡിസിന്‍ സംവിധാനം കൂടുതല്‍ വിപുലീകരിക്കും. മൂന്നാം തരംഗത്തെ പറ്റി അതിശയോക്തി കലര്‍ന്ന റിപ്പോര്‍ട്ടുകളില്‍ ഭയപ്പെടേണ്ട. അതിനെ നേരിടാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്. പുതിയ തരംഗം താനേ ഉണ്ടാവില്ല. നിയന്ത്രണങ്ങളില്‍ വീഴ്ച ഉണ്ടായാലാണ് പുതിയ തരംഗം ഉണ്ടാവുക. എല്ലാവരും ഇത് അറിയണം. എല്ലാവരും ഇതൊഴിവാക്കാന്‍ ഒത്തുചേര്‍ന്ന് ശ്രമിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.