പിണറായിക്ക് മാഫിയ ബന്ധം ;ഇനിയും പലതും പുറത്തു വരാനുണ്ട്: പിണറായിക്കെതിരെ വീണ്ടും സുധാകരന്‍
കോഴിക്കോട്: പിണറായി വിജയന്‍- കെ.സുധാകരന്‍ പോര് വീണ്ടും മുറുകുന്നു. പിണറായി വിജയനെതിരേ ഫെയ്‌സ്ബുക്കിലൂടെ വീണ്ടും ആരോപണം ഉന്നയിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ രംഗത്തെത്തി. പിണറായിക്കെതിരായ വിമര്‍ശനങ്ങള്‍ വ്യക്തിപരം തന്നെയാണെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സുധാകരന്റെ പ്രതികരണം. ബ്രണ്ണന്‍ കൊളെജില്‍ സംഭവിച്ച കാര്യങ്ങള്‍ ഓര്‍ക്കാന്‍ പിണറായി വിജയന്‍ ആഗ്രഹിക്കില്ലെന്നും അതുകൊണ്ടാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നും കെ.പി.സി.സി അധ്യക്ഷന്‍.
പിണറായി വിജയന് മാഫിയ ബന്ധമുണ്ടെന്ന ജസ്റ്റിസ് കെ സുകുമാരന്റേ പ്രസ്തവനയേയും അതിന് ശേഷം സംഭവിച്ച കാര്യങ്ങളെയും ഫെയ്സ്ബുക്ക് കുറിപ്പില്‍ സുധാകരന്‍ ചൂണ്ടിക്കാണിച്ചു. ജസ്റ്റിസ് കെ.സുകുമാരന്‍ പിണറായി വിജയന് മാഫിയ ബന്ധം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ പിണറായി വിജയന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹത്തിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പറഞ്ഞതെന്നും, ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്നും പറഞ്ഞതോടെ പിണറായി വിജയന്‍ ഉള്‍വലിഞ്ഞു. തനിക്ക് നേരെ ഉണ്ടായ ഗുരുതരമായ ഒരു ആരോപണത്തിനെതിരെ ഒരു രാഷ്ട്രീയ നേതാവ് നിയമപോരാട്ടം തുടങ്ങി വെക്കുകയും തുടര്‍ന്ന് അതില്‍ നിന്നും സ്വയം പിന്‍വാങ്ങുകയും ചെയ്താല്‍ കുറ്റസമ്മതം നടത്തുന്നു എന്നല്ലേ അതിനര്‍ത്ഥം. പിണറായി വിജയന്റെ താത്പര്യങ്ങളുടെ ഇരകള്‍ പാര്‍ട്ടിയില്‍ തന്നെയുണ്ടെന്നും സുധാകരന്‍ പറയുന്നു. വി.എസ് അച്യുതാനന്ദന്‍, എം.എ ബേബി, കെ.കെ ഷൈലജ എന്നിവരെ ഉദാഹരിച്ചു കൊണ്ടാണ് സുധാകരന്റെ വാക്കുകള്‍ ഇനിയും ഇതുപോലെ പലതും പുറത്തു വരാനുണ്ടെന്ന മുന്നറിയിപ്പും സുധാകരന്‍ നല്‍കുന്നുണ്ട്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഞാന്‍ പിണറായി വിജയനെ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. അതെ വ്യക്തിപരമായ വിമര്‍ശനം തന്നെയാണ്.
ഒരു ഏകാധിപതിയാണെന്ന് സ്വയം കരുതുകയും, സ്വന്തം അണികളെ കൊണ്ട് അങ്ങനെ തന്നെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്പ്പെടുത്തുക തന്നെ വേണം എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. മറ്റേതെങ്കിലും രാഷ്ട്രീയ ആരോപണങ്ങളോട് പിണറായി വിജയന്‍ ഇത്രയും വിശദമായി പ്രതികരിച്ചത് കണ്ടിട്ടുണ്ടോ? സ്വന്തം ഓഫീസിലെ ക്രമക്കേടുകളെ പറ്റി ചോദിച്ചാല്‍ പോലും എനക്കറിയില്ല എന്നല്ലേ പറഞ്ഞിരുന്നത്. അങ്ങനെ നോക്കുമ്ബോള്‍
വര്‍ഷങ്ങള്‍ക്ക് മുമ്ബ് നടന്ന പ്രസ്തുത വിഷയത്തില്‍, അതും ഞാന്‍ വ്യക്തിപരമായി പറഞ്ഞത് എന്റെ അനുവാദമില്ലാതെ സെന്‍സേഷന് വേണ്ടി അച്ചടിച്ചു വന്ന ഒരു വിഷയത്തില്‍ അദ്ദേഹം ഇത്രയേറെ വൈകാരികനായി പ്രതികരിച്ചത് എന്ത് കൊണ്ടാവും?
ഇന്നത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ ഒരു നിലയിലും ബാധിക്കാന്‍ സാധ്യത ഇല്ലാത്ത ഒരു പഴയകാല സംഭവത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ അദ്ദേഹത്തെ ഇത്രമേല്‍ ആഴത്തില്‍ പ്രകോപിപ്പിച്ചത് എന്തുകൊണ്ടായിരിക്കും?
ഇപ്പോള്‍ വിവാദമായിരിക്കുന്ന സംഭവത്തിലേക്ക് നയിച്ച കാരണങ്ങള്‍ അദ്ദേഹം ഇന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒരു പിആര്‍ ഏജന്‍സിക്കും അധികനാള്‍ കളവു പറഞ്ഞ് നില്‍ക്കാനാകില്ല. ഇനിയും ഇതു പോലെ പലതും പുറത്ത് വരാനുണ്ട്.
ജസ്റ്റിസ് കെ.സുകുമാരന്‍ പിണറായി വിജയന് മാഫിയ ബന്ധം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ പിണറായി വിജയന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹത്തിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പറഞ്ഞതെന്നും, ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്നും പറഞ്ഞതോടെ പിണറായി വിജയന്‍ ഉള്‍വലിഞ്ഞു. തനിക്ക് നേരെ ഉണ്ടായ ഗുരുതരമായ ഒരു ആരോപണത്തിനെതിരെ ഒരു രാഷ്ട്രീയ നേതാവ് നിയമപോരാട്ടം തുടങ്ങി വെക്കുകയും തുടര്‍ന്ന് അതില്‍ നിന്നും സ്വയം പിന്‍വാങ്ങുകയും ചെയ്താല്‍ കുറ്റസമ്മതം നടത്തുന്നു എന്നല്ലേ അതിനര്‍ത്ഥം.
അതുപോലെ ഗുജറാത്ത് മോഡലില്‍ മുസ്ലിം സമുദായത്തെ കൊള്ളയടിക്കാനും, കൊല്ലാനും കാരണമായ തലശ്ശേരി കലാപത്തില്‍ പിണറായി വിജയന് പങ്കുണ്ടെന്ന് പറഞ്ഞ് നോട്ടീസ് ഇറക്കിയത് സിപിഐ ആണ് അത് അവര്‍ ഇതുവരെ തിരുത്തിയിട്ടില്ല.
സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഇയാള്‍ നടത്തിയ നെറികേടിന്റെ ഒരുപാട് ഇരകള്‍ ഇന്നും വടക്കന്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ ജീവിച്ചിരിപ്പുണ്ട്. ഞങ്ങളുടെ നാട്ടുഭാഷയില്‍ അതിന് 'ഒറ്റപ്പൂതി' എന്ന് പറയും. അതിന്റെ ഇരകള്‍ നിശബ്ദരായി ആ പാര്‍ട്ടിയില്‍ തന്നെയുണ്ട്. വിഎസ് മുതല്‍ എംഎ ബേബി, ശൈലജ ടീച്ചര്‍ തുടങ്ങിയ നേതാക്കളിലേക്ക് വരെ ആ പട്ടിക നീളുകയാണ്. അവര്‍ക്കൊന്നും മറുത്ത് പറയാന്‍ ആകില്ല. അങ്ങനെ മറുത്ത് പറയാന്‍ നട്ടെല്ലുള്ള ഒരു കമ്മ്യൂണിസ്റ്റ് കാരന്‍ വടക്കന്‍ കേരളത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് കേട്ടല്‍ ഇന്നും പിണറായി വിജയന് വിറളി പിടിക്കും-ടിപി ചന്ദ്രശേഖരന്‍.
ഞാന്‍ പറഞ്ഞു വന്നത് ഇത്തരം സ്വഭാവ വൈകല്യങ്ങള്‍ ഉള്ള ഒരാള്‍ക്ക് അധികാരം കൂടി ഉണ്ടായാല്‍ സര്‍ക്കാര്‍ തന്നെ ഒരു അരാജത്വത്തിലേക്ക് കൂപ്പു കുത്തും. അതാണ് പലതരം അഴിമതികളുടെ രൂപത്തില്‍ നാം കഴിഞ്ഞ അഞ്ചു വര്‍ഷമായി കാണുന്നത്. ഇതിനുള്ള ഏക പരിഹാരമായി ഞാന്‍ കാണുന്നത് വ്യക്തിപരമായ വിമര്‍ശനം മാത്രമാണ്. എന്ന് മുതല്‍ അവര്‍ ചീഞ്ഞളിഞ്ഞ വ്യക്തി ആരാധന മാറ്റി വെച്ച് രാഷ്ട്രീയ സംവാദത്തിന് തയ്യാറാകുന്നൊ അന്ന് ഞാനും പിണറായി വിജയനെ വിചാരണ ചെയ്യുന്നത് അവസാനിപ്പിക്കാം.