
അമ്മയെ കൊലപ്പെടുത്തി മൃതദേഹം കുളിപ്പിച്ചു, മറവ് ചെയ്യാന്‍ സ്വന്തമായി കുഴിവെട്ടി; കൊലപാതകം നാട്ടുകാര്‍ അറിയുന്നത് ശവപ്പെട്ടിയുമായി എത്തിയതോടെ !
July 4, 2021തിരുവനന്തപുരം: റിട്ടയേഡ് അദ്ധ്യാപികയുടെ കൊലപാതകത്തിന് പിന്നില്‍ മുന്‍ വിമുക്ത ഭടനും മകനുമായ വിപിന്‍ദാസ്. പരേതനായ പാലയ്യന്റെ ഭാര്യ ഓമന(70)യെ കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിപിന്‍ ദാസിനെ(39) പോലീസ് അറസ്റ്റ് ചെയ്തു. അവിവാഹിതനായ വിപിന്‍ദാസും ഓമനയും മാത്രമാണു പൂവാര്‍ ഊറ്റുകുഴി വീട്ടില്‍ താമസം. വ്യാഴാഴ്ച ഉച്ചയോടെ വിപിന്‍ദാസ് ശവപ്പെട്ടിയുമായി വരുന്നത് കണ്ടപ്പോഴാണ് മരണ വിവരം നാട്ടുകാര്‍ അറിയുന്നത്. വീട്ടിലേക്ക് കയറാന്‍ ശ്രമിച്ച അയല്‍ക്കാരെ ഇയാള്‍ തടഞ്ഞു.
മദ്യലഹരിയിലായിരുന്ന വിപിന്‍ ദാസ് മൃതദേഹം കുളിപ്പിക്കുകയും മറവുചെയ്യാന്‍ സ്വന്തമായി കുഴിവെട്ടുകയും ചെയ്തു. വിപിന്‍ ദാസിന്റെ പ്രവൃത്തിയില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ പൊലീസിനെയും ഇയാള്‍ തടഞ്ഞു. കോവിഡ് പരിശോധന നടത്തിയ ശേഷം മാത്രമേ സംസ്കരിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് പൊലീസ് കടുപ്പിച്ചതോടെ വഴങ്ങുകയായിരുന്നു.
കഴുത്തില്‍ ഞെരിച്ച പാടുകളും വയറ്റില്‍ മര്‍ദ്ദിച്ച പാടുകളും കണ്ടെത്തിയതോടെ മരണത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് സ്ഥിരീകരിച്ചു. വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്നു തന്നെ വിപിന്‍ദാസിനെ കസ്റ്റഡിയിലെടുത്തു. പൊലീസ് ആണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ചോദ്യം ചെയ്യലില്‍ അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നത് താനാണെന്ന് വിപിന്‍ ദാസ് സമ്മതിച്ചതായി പൂവാര്‍ പൊലീസ് അറിയിച്ചു.
വിപിന്‍ ദാസും സുഹൃത്തുക്കളും വീട്ടില്‍വച്ച് മദ്യപിക്കാറുണ്ടായിരുന്നെന്നും, ഇയാള്‍ ഓമനയെ മര്‍ദിക്കാറുണ്ടായിരുന്നെന്നും നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വിശദീകരിച്ചു. വിപിന്‍ദാസിന്റെ സുഹൃത്തുക്കളുടെ ഒരു സംഘം ഊറ്റുകുഴിയിലെ വസതിയില്‍ എത്താറുണ്ടെന്നും മദ്യപിക്കാറുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണം മുന്നോട്ട് പോകാന്‍ സാധ്യത. ഓമനയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാരനായ ചന്ദ്രദാസ് മറ്റൊരു മകനാണ്.