ഡൽഹി : താലിബാന്റെ മയക്കുമരുന്ന് കടത്തിൽ ഇടത്താവളമായി ഇന്ത്യൻ നഗരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് തീരുമാനിച്ചു. ഓസ്ട്രേലിയ തുടങ്ങിയ പാശ്ചാത്യ രാഷ്‌ട്രങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനാണ് ഇടത്താവളമായി ഇന്ത്യൻ നഗരങ്ങൾ ഉപയോഗിക്കുന്നത്. ലോകത്ത് ഏറ്റവും ഉന്നത നിലവാരത്തിലുള്ള ഹെറോയിൻ ഉത്പാദിപ്പിക്കുന്നത് താലിബാനാണെന്നാണ് റിപ്പോർട്ട്. ഇത് പാശ്ചാത്യ രാഷ്‌ട്രങ്ങളിലേക്ക് കയറ്റി അയച്ച് നേടുന്ന സമ്പത്ത് താലിബാന്റെ പ്രധാന വരുമാന മാർഗ്ഗമാണ്. വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികളെ വെട്ടിക്കാൻ പല മാർഗ്ഗങ്ങളിലൂടെയാണ് മയക്കുമരുന്ന് കടത്ത് നടത്തുന്നത്.

ഹൈദരാബാദ്, ഡൽഹി, ബംഗളൂരു എന്നീ നഗരങ്ങൾ വഴിയാണ് കടത്ത്. ഹൈദരാബാദിൽ നിന്ന് മാത്രം ഈയിടെ കോടിക്കണക്കിന് രൂപയുടെ ഹെറോയിൻ പിടികൂടിയിരുന്നു. ആദ്യം അഫ്ഗാനിൽ നിന്ന് മൊസാംബിക്കിലേക്കാണ് മയക്ക് മരുന്ന് കയറ്റി അയയ്‌ക്കുന്നത്. അതിനു ശേഷം ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലേക്കും ഖത്തറിലെ ദോഹയിലേക്കും എത്തിക്കുന്നു. ദക്ഷിണാഫ്രിക്കൻ പൗരന്മാരെ ഒഴിവാക്കി മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലെ പൗരന്മാരെയാണ് വാഹകരായി ഉപയോഗിക്കുന്നത്.

ഇവിടുന്നാണ് ഇന്ത്യൻ നഗരങ്ങളിലേക്ക് മയക്കുമരുന്ന് അയയ്‌ക്കുന്നത്. ഹൈദരാബാദ്, ഡൽഹി, ബംഗളൂരു വിമാനത്താവളങ്ങളും സീപോർട്ടുകളും വഴിയാണ് മയക്കുമരുന്ന് കടത്തെന്ന് സംശയിക്കപ്പെടുന്നു. ആഫ്രിക്കൻ മയക്കുമരുന്ന് മാഫിയയാണ് കടത്തിന്റെ പ്രധാന ഇടനിലക്കാർ. ഈയടുത്ത് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് മൂന്ന് സംഭവങ്ങളിലായി പിടികൂടിയത് 128 കോടിയുടെ ഹെറോയിനാണ്. ജോഹനാസ് ബർഗിൽ നിന്ന് ദോഹ വഴി എത്തിയ വിമാനത്തിൽ നിന്നാണ് ഹെറോയിൻ പിടിച്ചത്. അറസ്റ്റിലായത് ടാൻസാനിയ, സാംബിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ്. ഇതിൽ സ്ത്രീകളും ഉൾപ്പെടുന്നു.

 രാജ്യത്തെ യുവജനതയേയും സാമ്പത്തിക ക്രമത്തേയും തകർക്കുന്ന മയക്കുമരുന്ന് വ്യാപനത്തിനെതിരെ അതീവ ജാഗ്രതയിലാണ് ലോക രാജ്യങ്ങൾ. ഇന്ത്യയും അതീവ ഗൗരവത്തോടെയാണ് സ്ഥിതിഗതികൾ വീക്ഷിക്കുന്നത്. അന്താരാഷ്‌ട്ര മയക്കുമരുന്ന് റാക്കറ്റിനെതിരെ ശക്തമായ രീതിയിലുള്ള അന്വേഷണം നടത്താനാണ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *