മീരാഭായ് ചാനുവിന് പൊലീസിൽ നിയമനം; ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി
ഒളിമ്പിക് ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യയുടെ അഭിമാന താരം മീരാഭായ് ചാനുവിനെ മണിപ്പൂർ പൊലീസിൽ അഡിഷനൽ സൂപ്രണ്ടായി നിയമിക്കുമെന്ന് മുഖ്യമന്ത്രി ബിരെൻസിങ് പ്രഖ്യാപിച്ചു. ഒരു കോടി രൂപ പാരിതോഷികമായി നൽകും. മണിപ്പൂരിൽ ലോകോത്തര നിലവാരത്തിലുള്ള ഭാരോദ്വഹന അക്കാദമി സ്ഥാപിക്കുമെന്നും ബിരെൻസിങ് അറിയിച്ചു. ടോക്യോയില്‍ നിന്ന് തിരിച്ചെത്തിയ മീരാഭായ് ചാനുവിന് ഉജ്ജ്വല സ്വീകരണമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ ലഭിച്ചത്. പരിശീലന ജേഴ്സിയണിഞ്ഞ് കോച്ച് ശർമ്മയ്‌ക്കൊപ്പമെത്തിയ ചാനുവിനെ 'ഭാരത് മാതാ കി ജയ്' വിളികളോടെയാണ് രാജ്യം വരവേറ്റത്. 2000ലെ സിഡ്‌നി ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്കു ശേഷം ഭാരോദ്വാഹനത്തില്‍ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കുന്ന ആദ്യ താരമാണ് മീരാഭായ് ചാനു. ടോക്യോ ഒളിമ്പിക്സിൽ 49 കിലോ ഭാരോദ്വഹനത്തിലാണ് ചാനു വെള്ളി നേടിയത്. അതേസമയം, സ്വർണമെഡൽ ജേതാവായ ചൈനയുടെ ഹൗ ഷിഹൂയി ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന ആരോപണത്തിന് പിന്നാലെ മീരഭായ് ചാനു നേടിയ വെള്ളി സ്വർണമായി ഉയർത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഉത്തേജക പരിശോധനയിൽ ഹൗ ഷിഹൂയി പരാജയപ്പെട്ടാൻ ചാനുവിന്‍റെ മെഡൽ സ്വർണമായി ഉയർത്തും.