നയതന്ത്ര പങ്കാളിത്ത ഉടമ്പടിയില്‍ യു.എ.ഇയും റഷ്യയും ഒപ്പുവെച്ചു

June 2, 2018 0 By Editor

ദുബായ്: രാഷ്ട്രീയം, സുരക്ഷ, സാമ്പത്തികം, സാംസ്‌കാരികം തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം ഉറപ്പുവരുത്തുന്നതിനുള്ള നയതന്ത്ര പങ്കാളിത്ത ഉടമ്പടിയില്‍ യു.എ.ഇയും റഷ്യയും ഒപ്പുവെച്ചു. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ , റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുട്ടിന്‍ എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.

പരസ്പര താല്‍പര്യമുള്ള മേഖലകളില്‍ ഫലപ്രദമായ നയതന്ത്ര പങ്കാളിത്തത്തിലേക്കുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും തീരുമാനമാണ് കരാറില്‍ ഒപ്പുവെച്ചത്. പൊതു വിഷയങ്ങളില്‍ ഇരു രാജ്യങ്ങളിലെയും മന്ത്രിമാര്‍ തമ്മിലുള്ള ആശയവിനിമയത്തിനും ഏകോപനത്തിനും കരാര്‍ സാധ്യതകള്‍ തുറന്നിടുന്നു.

വര്‍ഷങ്ങളായി റഷ്യയുടെ മിഡില്‍ ഈസ്റ്റിലെ അടുത്ത പങ്കാളിയാണ് യു.എ.ഇ എന്നും, തങ്ങളുടെ സഹകരണ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായാണ് കരാറില്‍ ഒപ്പുവെച്ചതെന്നും പുട്ടിന്‍ പറഞ്ഞു. രാഷ്ട്രീയം, സുരക്ഷ, സാമ്പത്തിക മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിച്ചിട്ടുണ്ട്. രാജ്യത്തിന് സംയുക്ത പദ്ധതികളും താല്‍പര്യങ്ങളുമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് ഈ സന്ദര്‍ശനം സഹായിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

യു.എ.ഇറഷ്യ സഹകരണത്തെ പുതിയ തലത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രയത്‌നങ്ങള്‍ക്ക് നല്‍കുന്ന പിന്തുണക്ക് അദ്ദേഹം പുട്ടിന് നന്ദി അറിയിച്ചു.