സിപിഐയുടെ തീപ്പൊരി യുവ നേതാവും ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയൻ മുൻ പ്രസിഡന്‍റുമായ കനയ്യകുമാർ കോൺഗ്രസിലേക്ക്
ഹൈദരാബാദ്: സിപിഐയുടെ തീപ്പൊരി യുവ നേതാവും ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയൻ മുൻ പ്രസിഡന്‍റുമായ കനയ്യകുമാർ കോൺഗ്രസിലേക്ക്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്‍റെ സാന്നിദ്ധ്യത്തില്‍ കനയ്യ കുമാർ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയതോടെയാണ് കനയ്യ കുമാർ കോൺഗ്രസില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായത്. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ കനയ്യ പാർട്ടിയില്‍ അതൃപ്‌തനാണെന്നാണ് സൂചന. കഴിഞ്ഞ ജനുവരിയില്‍ ഹൈദരാബാദില്‍ ചേർന്ന പാർട്ടി യോഗത്തില്‍ സിപിഐ ദേശീയ നേതൃത്വം കനയ്യയ്ക്ക് എതിരെ അച്ചടക്കം ലംഘിച്ചതിന് പ്രമേയം പാസാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രശാന്ത് കിഷോർ മുൻകൈയെടുത്ത് കനയ്യയെ കോൺഗ്രസിലെത്തിക്കാൻ ശ്രമങ്ങൾ തുടങ്ങിയത്.
കനയ്യ കോൺഗ്രസിലേക്ക് പോകുന്നത് സംബന്ധിച്ച ചോദ്യങ്ങൾക്ക് സിപിഐ ദേശീയ സെക്രട്ടറി ഡി രാജയുടെ പ്രതികരണവും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. അത്തരം അഭ്യൂഹങ്ങൾ താനും കേട്ടിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞയാഴ്‌ച ചേർന്ന ദേശീയ എക്‌സിക്യൂട്ടീവ് കനയ്യ പങ്കെടുത്ത് സംസാരിച്ചിരുന്നതായി തനിക്ക് അറിയാമെന്നുമാണ് ഡി രാജ പറഞ്ഞത്. എന്നാല്‍ കോൺഗ്രസ് പ്രവേശനത്തെ കുറിച്ച് കനയ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ദേശീയ തലത്തില്‍ ബിജെപിക്ക് എതിരെ ഇടതുപക്ഷത്തിന് ഉയർത്തിക്കാണിക്കാവുന്ന മുഖമാണ് കോൺഗ്രസിലേക്ക് ചേക്കേറാനൊരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍ അടക്കം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന് എതിരായ പ്രചാരണത്തിന് കനയ്യകുമാർ എത്തിയിരുന്നു എന്നതും ഇനി കൗതുകമാകും.