ഹലാൽ വിവാദ പോസ്റ്റിൽ സന്ദീപ് വാര്യരെ തള്ളി സുരേന്ദ്രന്‍; പോസ്റ്റ് പിൻവലിച്ച് സന്ദീപ് വാര്യർ
തിരുവനന്തപുരം: കോഴിക്കോട് പാരഗൺ ഹോട്ടലുമായി ബന്ധപ്പെട്ട 'ഹലാൽ വിവാദം' ഫേസ്ബുക്ക് പോസ്റ്റ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ പിൻവലിച്ചു. പോസ്റ്റിന് എതിരെ ബിജെപി നേതാക്കൾ രംഗത്തു വന്നത്തോടെ ആണ് നടപടി. പോസ്റ്റ് പിൻവലിക്കാൻ സംസ്ഥാന നേതൃത്വം നിർദേശിക്കുകയായിരുന്നു.
തന്റെ പോസ്റ്റ് പാരഗൺ ഹോട്ടലിനു എതിരായ പ്രചാരണത്തിന് എതിരെ ആയിരുന്നു എന്ന് സന്ദീപ് വാര്യർ പറയുന്നു. പാർട്ടി നിലപാടിന് വിരുദ്ധം ആണ് പോസ്റ്റ് എന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. പാർട്ടി നിലപാട് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞതോടെ പോസ്റ്റ് പിൻവലിക്കുന്നു. അച്ചടക്കമുള്ള പ്രവർത്തകൻ ആണ് താൻ എന്നും സന്ദീപ് വാര്യർ പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം..
കോഴിക്കോട്ടെ പ്രമുഖ റസ്‌റ്റോറൻറായ പാരഗണിനെതിരെ മത മൗലികവാദികൾ നടത്തുന്ന സംഘടിത സാമൂഹിക മാധ്യമ അക്രമണം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇന്നലെ വ്യക്തിപരമായ ഒരു പ്രതികരണം പങ്കു വച്ചിരുന്നു . ആയിരത്തറനൂറ് തൊഴിലാളികളുള്ള ആ ഹോട്ടൽ ശൃംഖല കെട്ടിപ്പടുക്കാൻ അതിൻ്റെ ഉടമസ്ഥൻ ശ്രീ.സുമേഷ് ഗോവിന്ദ് എത്ര കഷ്ടപ്പെട്ടിരിക്കും എന്ന ചിന്തയിൽ നിന്നാണ് ആ പോസ്റ്റ് ഇട്ടത് .
എന്നാൽ എന്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാതെ മാധ്യമങ്ങൾ അത് പാർട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീർക്കുകയും പ്രവർത്തകർ തെറ്റിദ്ധരിക്കാനിടയാവുകയും ചെയ്തിട്ടുണ്ട് .
പാർട്ടി നിലപാട് സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ. കെ.സുരേന്ദ്രൻ പ്രഖ്യാപിച്ച സ്ഥിതിക്ക് അച്ചടക്കമുളള പാർട്ടി പ്രവർത്തകനായ ഞാൻ വ്യക്തിപരമായി ഇട്ട പോസ്റ്റ് പിൻവലിച്ചിരിക്കുന്നു