
മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ അഞ്ച് ഷട്ടറുകൾ അടച്ചു
November 24, 2021ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ 5 ഷട്ടറുകൾ അടച്ചു. ഇപ്പോൾ 2 ഷട്ടറുകൾ 30 സെന്‍റി മീറ്റർ വീതമാണ് തുറന്നിരിക്കുന്നത്. നിലവില്‍ 141.50 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്.
കനത്തമഴയെ തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഇന്നലെ രാത്രിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഏഴ് ഷട്ടറുകൾ തമിഴ്നാട് തുറന്നത്. വൃഷ്ടി പ്രദേശത്ത് പെയ്ത മഴയെ തുടർന്ന് വൈകിട്ട് ആറ് മണി മുതലാണ് ജലനിരപ്പ് ഉയർന്ന് തുടങ്ങിയത്. ഏഴ് ഷട്ടറുകളിൽ മൂന്നെണ്ണം അറുപതും നാലെണ്ണം മുപ്പത് സെന്‍റി മീറ്ററുമാണ് ഉയർത്തിയിരിക്കുന്നത്. സെക്കൻ്റിൽ 3949 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കി വിട്ടത്. ഇതേ തുടർന്ന് പെരിയാർ നദിയിലെ ജലനിരപ്പ് രണ്ടടിയിലധികം ഉയർന്നു. മതിയായ മുന്നറിയിപ്പ് ഇല്ലാതെ ഷട്ടർ തുറന്നത് തീരദേശവാസികളെ ആശങ്കയിലാക്കി.
അതേസമയം, ആളിയാർ ഡാമിൽ നിന്ന് പുറത്തു വിടുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചു. രാത്രി 12 മണിയോടെയാണ് ഷട്ടറുകൾ 12 സെന്‍റി മീറ്ററായി താഴ്ത്തിയത്. 2800 ഘനയടി വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് വിടുന്നത്.