ഏറുന്ന ആശങ്ക : രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവര്‍ 1700 ആയി; കോവിഡ് കേസുകളിലും വൻ വര്‍ധന
ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു. ഇതുവരെ സ്ഥിരീകരിച്ചത് 1700 ഒമിക്രോൺ കേസുകളാണ്. ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 510 ഒമിക്രോൺ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 351 കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്.
കേരളത്തിൽ 156 പേർക്കാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തിൽ 136, തമിഴ്നാടിൽ 121, രാജസ്ഥാനിൽ 120, തെലങ്കാനയിൽ 67, കർണാടകയിൽ 64, ഹരിയാനയിൽ 63, ഒഡീഷയിൽ 37, പശ്ചിമ ബംഗാളിൽ 20, ആന്ധ്രാപ്രദേശിൽ 17, ഉത്തരാഖണ്ഡിൽ 8, ചണ്ഡീഖഡിൽ 3, ജമ്മു കശ്മീരിൽ 3, ഗോവ, ഹിമാചൽ, ലഡാക്, മണിപ്പൂർ, പഞ്ചാബ് തുടങ്ങിയിടങ്ങളിൽ ഓരോ കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒമിക്രോൺ കേസുകൾ വർധിക്കുന്നതോടൊപ്പം തന്നെ കോവിഡ് കേസുകളിലും വൻ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസത്തേക്കാൾ 22.5 ശതമാനം വർധനവാണ് കോവിഡ് കേസുകളിൽ ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച 33,750 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 123 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 4,81,893 ആയി ഉയർന്നു.