ഐടി പാർക്കുകൾക്കുള്ളിൽ പബ്ബ്, ബെവ്‌കോയ്ക്ക് കൂടുതൽ ഔട്ട്ലറ്റുകൾ;  ക്യൂ നിൽക്കാതെ മദ്യം ; പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

ഐടി പാർക്കുകൾക്കുള്ളിൽ പബ്ബ്, ബെവ്‌കോയ്ക്ക് കൂടുതൽ ഔട്ട്ലറ്റുകൾ; ക്യൂ നിൽക്കാതെ മദ്യം ; പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

March 30, 2022 Off By Editor

തിരുവനന്തപുരം: പുതിയ മദ്യനയത്തിന് liquor-policy മന്ത്രിസഭയുടെ അംഗീകാരം. വീര്യം കുറഞ്ഞ മദ്യമെത്തും. കൂടുതല്‍ മദ്യശാലകള്‍ വരും. ഔട്ട്‌ലെറ്റുകളുടെ സൗകര്യം കൂട്ടും. ഐടി പാർക്കുകളിൽ ജോലി ചെയ്യുന്നവർക്ക് മദ്യം ലഭിക്കാനുള്ള നടപടികൾ ആരംഭിക്കും. ഐടി പാർക്കുകൾക്കുള്ളിലെ റസ്റ്ററന്റുകളിൽ മദ്യം വിതരണം ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ബാർ റസ്റ്ററന്റുകളാണ് ആലോചിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. പുറത്തുനിന്നുള്ളവർക്ക് ഇവിടെ പ്രവേശനം ഉണ്ടാകില്ല.

ബവ്റിജസ് കോർപറേഷനു കൂടുതൽ ഔട്ട്ലറ്റുകൾ ആരംഭിക്കാനും അനുമതിയായി. 170 ഔട്ട്ലറ്റുകൾ ആരംഭിക്കണമെന്ന നിർദേശമാണ് കോർപറേഷൻ മുന്നോട്ടു വച്ചിരുന്നത്. സ്ഥലസൗകര്യമുള്ളയിടത്ത് ആധുനിക സംവിധാനങ്ങളോടെ ഔട്ട്ലറ്റുകൾ ആരംഭിക്കാൻ അനുമതി നൽകും. നൂറിനു മുകളിൽ ഔട്ട്ലറ്റുകൾ പുതുതായി ആരംഭിക്കാനാകും. ടൂറിസം മേഖലകളിൽ കൂടുതൽ ഔട്ട്ലറ്റുകൾ തുറക്കും. വിമാനത്താവളങ്ങളിലും പ്രീമിയം കൗണ്ടറുകള്‍ വരും. തിരക്കുള്ള ഔട്ട്ലറ്റുകൾ സ്ഥലസൗകര്യമുള്ള ഇടങ്ങളിലേക്കു മാറ്റും. പാർക്കിങ് സൗകര്യവും ആളുകൾക്ക് ക്യൂ നിൽക്കാതെ മദ്യം വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കും. പ്രീമിയം കൗണ്ടറുകൾക്കായിരിക്കും പ്രാധാന്യം നൽകുക.

കാർഷിക ഉൽപ്പന്നങ്ങളിൽനിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കുന്നതിനാണ് നയത്തിൽ പ്രാമുഖ്യം നൽകിയിരിക്കുന്നത്. പഴവർഗങ്ങൾ സംഭരിക്കുന്നതും മദ്യം ഉൽപ്പാദിപ്പിക്കുന്നതും ബവ്റിജസ് കോർപറേഷന്റെ മേൽനോട്ടത്തിലായിരിക്കും. കള്ളുഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കുന്നതിൽ തീരുമാനമെടുത്തില്ല.

ലോകയുക്ത ഓർഡിനൻസ് പുതുക്കി ഇറക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓർഡിനൻസ് പുതുക്കൽ സാങ്കേതിക നടപടി മാത്രമെന്നു നിയമ മന്ത്രി അറിയിച്ചു. സിപിഐക്ക് വ്യത്യസ്ത നിലപാട് ആണുള്ളതെന്ന് മന്ത്രി കെ.രാജൻ മന്ത്രിസഭയിൽ അറിയിച്ചു. അതെ സമയം ഈ മദ്യനയത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാണ് .