‘നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല’; നടിയുടെ ആരോപണം തള്ളി ദിലീപിന്റെ അഭിഭാഷകൻ
കൊച്ചി: നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നു വിശദീകരിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻപിള്ള ബാർ കൗൺസിലിനു മറുപടി നൽകി. അതിജീവിത ഉയർത്തിയ ആരോപണങ്ങൾ പാടെ നിഷേധിച്ചാണു മറുപടി നൽകിയിരിക്കുന്നത്. അഡ്വക്കേറ്റ്സ് ആക്ടിലെ 35–ാം വകുപ്പിനു വിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നു വിശദീകരണത്തിൽ രാമൻപിള്ള പറയുന്നു.
അഭിഭാഷകൻ നൽകിയ മറുപടി ബാർ കൗൺസിൽ അതിജീവിതയ്ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. കൂടുതലായി എന്തെങ്കിലും വിശദീകരിക്കാനുണ്ടെങ്കിൽ തെളിവുസഹിതം നൽകണം എന്ന നിർദേശത്തോടെയാണ് അയച്ചിരിക്കുന്നത്. ദിലീപിന്റെ അഭിഭാഷകൻ കേസിലെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉയർത്തിയാണ് അതിജീവിത ബാർ കൗൺസിലിനു പരാതി നൽകിയത്.
തെളിവുകൾ ഉള്ളതിനാൽ അഭിഭാഷകനെതിരെ നടപടി ആവശ്യപ്പെട്ടാണ് അതിജീവിത ബാർ കൗൺസിലിനെ സമീപിച്ചത്. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരായ ബി.രാമൻ പിള്ള, ഫിലിപ് ടി.തോമസ്, സുജേഷ് മോഹൻ എന്നിവർക്കെതിരെയായിരുന്നു പരാതി. നേരത്തേ ഇമെയിൽ വഴി അയച്ച പരാതി സ്വീകരിക്കാനാവില്ലെന്ന് അറിയിച്ചതിനെ തുടർന്ന് നേരിട്ടെത്തി ഫീസടച്ച് അതിജീവിത സമർപ്പിച്ച പരാതി ബാർ കൗൺസിൽ സ്വീകരിക്കുകയായിരുന്നു.