ഒറ്റ ഭീകരനെയും വിട്ടുകളയരുത്" കശ്മീരില്‍ ഭീകരവിരുദ്ധ നീക്കം ശക്തമാക്കാൻ അമിത്ഷായുടെ നിർദേശം ; പിന്നാലെ ജമ്മു കശ്മീരിൽ പണി തുടങ്ങി സുരക്ഷാസേന
Home Minister Amit Shah holds meeting to review security situation in J&K
കശ്മീരില്‍ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആസൂത്രിത കൊലപാതകങ്ങള്‍ തടയാന്‍ ഭീകരവിരുദ്ധ നീക്കം ശക്തമാക്കും. സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാനും ഒറ്റ ഭീകരനെയും വിട്ടുകളയരുതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗത്തില്‍ നിര്‍ദേശം നല്‍കി.
പ്രദേശവാസികളല്ലാത്തവരെ കശ്മീരില്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്കു മാറ്റും. കശ്മീരില്‍ ഭീകരഭീഷണി കുറഞ്ഞതായും ഭീകരസംഘടനാ നേതാക്കളില്‍ ഭൂരിഭാഗം പേരെ ഉന്മൂലനം ചെയ്തതായുമാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍. അവശേഷിക്കുന്ന ഭീകരനിലപാടുള്ളവരുടെ നിരാശയാണ് സാധാരണക്കാര്‍ക്കുനേരെയുള്ള ആസൂത്രിത ആക്രമണത്തിന് ഇടയാക്കുന്നതെന്ന് അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചൂണ്ടിക്കാട്ടപ്പെട്ടു.
ഉന്നതതല യോഗത്തിന് പിന്നാലെ ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. അനന്തനാഗിലെ റിഷിപോര മേഖലയിലാണ് ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സുരക്ഷാ സേന വളഞ്ഞിട്ടുണ്ടെന്നാണ് വിവരം. വൈകീട്ടോടെയാണ് റിഷിപോരയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. മേഖലയിൽ ഭീകര സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്‌ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന മേഖലയിൽ എത്തിയത്. പരിശോധനയ്‌ക്കിടെ ഭീകരർ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിർത്തു. ഇതോടെ സുരക്ഷാ സേനയും പ്രത്യാക്രമണം നടത്തുകയായിരുന്നു. ഭീകരരുടെ ആക്രമണത്തിൽ സുരക്ഷാ സേനാംഗത്തിനും, പ്രദേശവാസിയ്‌ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.