ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പറഞ്ഞ് താൻ പോസ്റ്ററൊട്ടിച്ചിട്ടില്ല; അർദ്ധരാത്രികളിൽ സ്ത്രീകൾക്ക് സന്ദേശങ്ങൾ അയച്ചിട്ടില്ല; ‘തലയിൽ മുണ്ടിട്ട് ഇഡിയെ കാണാനും പോയിട്ടില്ല” കെ.ടി.ജലീലിന് മറുപടിയുമായി   പി.കെ. അബ്ദുറബ്ബ്

ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പറഞ്ഞ് താൻ പോസ്റ്ററൊട്ടിച്ചിട്ടില്ല; അർദ്ധരാത്രികളിൽ സ്ത്രീകൾക്ക് സന്ദേശങ്ങൾ അയച്ചിട്ടില്ല; ‘തലയിൽ മുണ്ടിട്ട് ഇഡിയെ കാണാനും പോയിട്ടില്ല” കെ.ടി.ജലീലിന് മറുപടിയുമായി പി.കെ. അബ്ദുറബ്ബ്

June 20, 2022 0 By Editor

ജലീൽ എംഎൽഎയെ കടന്നാക്രമിച്ച് മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്ലീം ലീ​ഗ് നേതാവുമായ പി.കെ. അബ്ദുറബ്ബ്.   ‘തലയില്‍ ആൾത്താമസമില്ലാത്ത ഇരുകാലികള്‍ക്കു കയറിക്കിടക്കാന്‍ കൂടുണ്ടായിട്ട് കാര്യമില്ലെന്ന’ ജലീലിന്റെ പരിഹാസത്തിന്, ‘ഗംഗയെന്നോ ഗ്രെയ്സെന്നോ വീടിന്റെ പേരെന്തുമാവട്ടെ, ആ വീട്ടിൽ നിന്നും അർധരാത്രികളിൽ ആരോപണ വിധേയരായ സ്ത്രീകൾക്ക് വാട്സാപ്പ് മെസേജുകൾ പോയിട്ടില്ല, മണിക്കൂറുകൾ ഫോണിൽ അവരുമായി സംസാരിച്ചിട്ടുമില്ല’ എന്നായിരുന്നു അബ്ദുറബ്ബിന്റെ മുനവച്ച മറുപടി. സമൂഹമാധ്യമത്തിലൂടെയാണ് ഇത്തവണയും ജലീലിന്റെ പരിഹാസത്തിന് മറുപടിയുമായി അബ്ദുറബ്ബ് രംഗത്തെത്തിയത്.

കെ.ടി. ജലീലിന്റെ പരിഹാസങ്ങൾക്കെല്ലാം എണ്ണിയെണ്ണി മറുപടി നൽകുന്ന രീതിയിലാണ് അബ്ദുറബ്ബിന്റെ കുറിപ്പ്. ‘തലയിൽ മുണ്ടിട്ട് ഇഡിയെ കാണാനും പോയിട്ടില്ല, ലോകായുക്ത കണ്ണുരുട്ടിയപ്പോൾ മന്ത്രി സ്ഥാനം രാജിവ്ക്കേണ്ടി വന്നിട്ടുമില്ല, യുവത്വ കാലത്ത് പാതിരാത്രികളിൽ ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്നു പോസ്റ്ററൊട്ടിക്കാനും പോയിട്ടില്ല, ആകാശത്തുകൂടെ വിമാനം പോകാൻ മഹല്ലു കമ്മിറ്റിയുടെ അനുമതി വേണോ എന്നു പണ്ഡിത ശ്രേഷ്ഠൻമാരോട് തർക്കിച്ചിട്ടില്ല. എകെജിയും ഇഎംഎസ്സും സ്വർഗ്ഗത്തിലല്ലെങ്കിൽ ആ സ്വർഗ്ഗത്തിലേക്ക് ഞാനില്ലെന്ന വാശിയും എനിക്കില്ല’ എന്നിങ്ങനെ എണ്ണിയെണ്ണിയാണ് ജലീലിന് അബ്ദുറബ്ബിന്റെ മറുപടി.

‘അഞ്ചു തവണ നിയമസഭാംഗമായെങ്കിലും നിയമസഭക്കകത്ത് കയറി ഞാൻ ഗുണ്ടായിസം കളിച്ചിട്ടില്ലെ’ന്നും കുറിച്ച അബ്ദുറബ്ബ്, ‘ഞാനാരുടെയും കൊച്ചാപ്പയുമല്ലെ’ന്ന പരിഹാസത്തോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ലോക കേരളസഭാ ബഹിഷ്കരണത്തിന് പിന്നാലെ മുസ്ലീം ലീ​ഗ് നിലപാട് വ്യക്തമാക്കിയോടെ കെ.എം.ഷാജിയെ പരോക്ഷമായി ജലീൽ വിമർശിച്ചിരുന്നു. പിന്നാലെ കെ.ടി ജലീലിന് മറുപടിയുമായി പി.കെ. അബ്ദുറബ്ബ് രം​ഗത്ത് വരികയായിരുന്നു. ഇതോടെ സമൂഹമാദ്ധ്യമത്തിൽ ഇരു നേതാക്കളും പരസ്പരം ഏറ്റുമുട്ടി. ഇതിന് ശക്തമായ മറുപടി എന്നോണമാണ് ഇപ്പോൾ കെ.ടി ജലീലിനെ പേരെടുത്ത് വിമർശിക്കാതെ അദ്ദേഹത്തിന്റെ ചരിത്രവും നിലപാടുകളും നേരിടുന്ന കേസുകളും ആസ്പദമാക്കി പി.കെ. അബ്ദുറബ്ബ് പരിഹസിച്ചുകൊണ്ട് ഫെയ്സ്ബുക്കിൽ കുറിപ്പ് എഴുതിയിരിക്കുന്നത്.