
പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനായി ബിഎസ്പി ക്ക് സീറ്റുകള്‍ നല്‍കാന്‍ തയ്യാറാണ്: അഖിലേഷ് യാദവ്
June 11, 2018ന്യൂഡല്‍ഹി :2019 ലെ പൊതു തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ ബിഎസ്പി ക്ക് സീറ്റുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. പാര്‍ട്ടിയുടെ ചില സീറ്റുകള്‍ ബി.എസ്.പിക്ക് വിട്ടുനല്‍കാന്‍ തയാറാണെന്ന് അഖിലേഷ് വ്യക്തമാക്കി. മെയിന്‍പുരിയില്‍ നടന്ന പാര്‍ട്ടി പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.എസ്.പിയുമായി സഖ്യം രൂപീകരിച്ചിട്ടുണ്ട്. ആ സഹകരണം തുടരാനാണ് ആഗ്രഹം. രണ്ടോ നാലോ സീറ്റുകള്‍ ബി.എസ്.പിക്ക് വിട്ടുകൊടുക്കാനും തയാറാണ്. ബി.എസ്.പിയുമായി ചേര്‍ന്ന് ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നും അഖിലേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബി.ജെ.പിയെ തകര്‍ക്കുകയെന്ന ലക്ഷ്യം വെച്ച് വിവിധപാര്‍ട്ടികള്‍ മഹാ സഖ്യം രൂപീകരിക്കണം. നാമെങ്ങനെ സഖ്യത്തിലാകും എന്നാണ് അവര്‍ അത്ഭുതപ്പെടുന്നത്. എന്നാല്‍ നാം ഒരുമിച്ച് പ്രവര്‍ത്തിച്ച് ബി.ജെ.പിയെ തകര്‍ക്കുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കൈരാന, ഗൊരഖ്പൂര്‍, ഫൂല്‍പൂര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ സഖ്യം വിജയം നേടിയിരുന്നു. ഈ കൂട്ടുകെട്ട് എത്രകാലം തുടരുമെന്നതായിരുന്നു സംശയം. എന്നാല്‍ എന്ത് ത്യാഗം സഹിച്ചും സഖ്യം തുടരുമെന്നതിന്റെ സൂചനയാണ് അഖിലേഷ് നല്‍കിയത്.
ഉപതിരഞ്ഞെടുപ്പുകളിലെ വിജയം 2019ലും ആവര്‍ത്തിക്കും. തങ്ങള്‍ വിജയിച്ചാല്‍ ആഗ്രലക്‌നൗ ഹൈവേയില്‍ കര്‍ഷകരോട് ടോള്‍ നികുതി വാങ്ങുന്നത് അവസാനിപ്പിക്കും. യോഗി ആദിത്യനാഥ് പ്രചാരണം നടത്തിയ എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് സീറ്റ് നഷ്ടപ്പെട്ടുവെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി.
അതേസമയം, തങ്ങള്‍ക്ക് കൃത്യമായ എണ്ണം സീറ്റുകള്‍ ലഭിച്ചാല്‍ മാത്രമേ മറ്റ് പാര്‍ട്ടികളുമായി സഖ്യത്തിന് തയ്യാറാകൂ എന്ന് ബി.എസ്.പി നേതാവ് മായാവതി വ്യക്തമാക്കിയിരുന്നു. മായാവതിയുടെ പ്രസ്താവനയോടെ നിലനിന്ന രാഷ്ട്രീയ പ്രതിസന്ധിക്കാണ് ഇപ്പോള്‍ അയവ് വന്നിരിക്കുന്നത്.