‘പോപ്പുലർ ഫ്രണ്ട് ബിഹാറിൽ 15,000 യുവാക്കൾക്ക് ആയുധ പരിശീലനം നൽകി’ ; പരിശീലകർ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും !
പട്ന ∙ പോപ്പുലർ ഫ്രണ്ട് ബിഹാറിൽ 15,000 യുവാക്കൾക്ക് ആയുധ പരിശീലനം നൽകിയതായി വെളിപ്പെടുത്തൽ. ഫുൽവാരി ഷെരീഫ് തീവ്രവാദ കേസിൽ റിമാൻഡിൽ കഴിയുന്ന മുഹമ്മദ് ജലാലുദ്ദീൻ, അഹ്താർ പർവേസ് എന്നിവരെ ബിഹാർ പൊലീസ് പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. തുടർന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി), ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സംഘങ്ങളും ഇവരെ ചോദ്യം ചെയ്തു.
ബിഹാറിലെ പുർണിയയിലാണ് പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലന പരിപാടിയുടെ ആസ്ഥാനമെന്നും വെളിപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലും നിന്നുള്ള പോപ്പുലർ ഫ്രണ്ട് ആയുധ പരിശീലകർ പുർണിയയിൽ തമ്പടിച്ചതിന്റെ വിവരങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. പുർണിയയിലെ പോപ്പുലർ ഫ്രണ്ട് ഓഫിസിൽ നടത്തിയ പൊലീസ് റെയ്ഡിൽ ആയുധ പരിശീലകരുടെ പേരും മൊബൈൽ നമ്പരുകളുമടങ്ങിയ ഡയറി പിടിച്ചെടുത്തിട്ടുണ്ട്.
ബിഹാറിലെ 15 ജില്ലകളിൽ പോപ്പുലർ ഫ്രണ്ട് ക്യാംപ് ഓഫിസുകൾ എന്ന പേരിൽ രഹസ്യമായി ആയുധ പരിശീലന കേന്ദ്രങ്ങൾ നടത്തിയിരുന്നതായും ചോദ്യം ചെയ്യലിൽ വെളിപ്പെട്ടു. കതിഹാർ, കിഷൻ ഗഞ്ച് തുടങ്ങി സീമാഞ്ചൽ മേഖലയിൽ നിന്നുള്ള യുവാക്കളാണ് പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലന പരിപാടിയിൽ കൂടുതലായി ചേർന്നിട്ടുള്ളത്. വിദ്യാഭ്യാസം കുറവുള്ള തൊഴിൽരഹിതരായ യുവാക്കളെയാണു പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നത്.