ഇടുക്കി അണക്കെട്ട് തുറന്നു, ഒഴുക്കിവിടുന്നത് 50,000 ലിറ്റർ വെള്ളം

തൊടുപുഴ: ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറന്നു. രാവിലെ 10ന് ഡാമിന്റെ വി3 ഷട്ടര്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കൻഡിൽ 50 ഘനയടി (50,000 ലിറ്റർ) വെള്ളമാണ് ഒഴുക്കി വിടുന്നത്. ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലും മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിന്‍റെയും പശ്ചാത്തലത്തിലാണ് അണക്കെട്ട് തുറന്നത്.

അണക്കെട്ടിന്‍റെ ഷട്ടർ ഉയർത്തുന്നതിന് അഞ്ച് മിനിട്ട് മുമ്പ് 9.55ന് ആദ്യ സൈറൺ മുഴങ്ങി. തുടർന്ന് രണ്ട് മിനിട്ടിന് ശേഷം രണ്ടാമത്തെ സൈറണും ഒരു മിനിട്ടിന് ശേഷം മൂന്നാമത്തെ സൈറണും മുഴങ്ങി. രണ്ട് മിനിട്ടിന് ശേഷം കൃത്യം 10 മണിക്ക് തന്നെ ഷട്ടർ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കി. വെള്ളം ആദ്യമെത്തുക ചെറുതോണിപ്പുഴയിലും തുടർന്ന് കരിമ്പൻ ചപ്പാത്തിലൂടെ ലോവർപെരിയാർ അണക്കെട്ടിലുമാണ്. ഇവിടെ നിന്ന് ഭൂതത്താൻകെട്ട് ഡാമിലൂടെ മലയാറ്റൂർ, കാലടി, ആലുവവഴി വരാപ്പുഴ കായലിലെത്തും.

നിലവിൽ 2384.18 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. 2403 അടിയാണ് പരമാവധി സംഭരണശേഷി. നിലവിൽ 2383.53 അടിയാണ് അപ്പർ റൂൾ ലെവൽ. വെള്ളിയാഴ്ച രാത്രി ജലനിരപ്പ് 2381.53 അടിയെത്തിയപ്പോൾ ഓറഞ്ച് അലർട്ടും ശനിയാഴ്ച രാവിലെ 7.30ന് ജലനിരപ്പ് 2382.53 അടിയിലെത്തിയപ്പോൾ റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നു.

അണക്കെട്ട് തുറക്കുന്നതിന്‍റെ മുന്‍കരുതലെന്ന നിലയില്‍ 79 വീടുകളില്‍ നോട്ടീസ് നൽകിയിട്ടുണ്ട്. ഇടുക്കി, കഞ്ഞിക്കുഴി, ഉപ്പുത്തോട്, തങ്കമണി വാത്തിക്കുടി, എന്നീ അഞ്ചു വില്ലേജുകളിലൂടെയും വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, കൊന്നത്തടി, വാത്തിക്കുടി എന്നീ പഞ്ചായത്ത് പരിധികളിലൂടെയുമാണ് വെള്ളമൊഴുകുന്നത്. ഇവിടങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് പെയ്ത മഴയിൽ കുറവുവന്നിട്ടുണ്ട്. എന്നാൽ, പ്രദേശത്ത് ഇടവിട്ട് മഴ രേഖപ്പെടുത്തിയിട്ടുണ്ട്. പെരിയാറിന്‍റെ ഇരുകരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന സ്ഥലങ്ങളിലെ പുഴ മുറിച്ചു കടക്കുന്നതും ഈ സ്ഥലങ്ങളിലെ മീന്‍പിടിത്തവും നിരോധിച്ചതായും ഇടുക്കി ജില്ല ഭരണകൂടം അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story