
എത്രയോ നീജം! റോഡുനിര്‍മാണത്തിനിടയില്‍പ്പെട്ട അവശനായ നായയുടെ ദേഹത്ത് ചുട്ടുപ്പൊള്ളുന്ന ടാര്‍ ഒഴിച്ചു, മണിക്കൂറുകളോളം വേദനകൊണ്ട് പിടഞ്ഞ് നായ മരിച്ചു
June 13, 2018ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പുതുതായി നിര്‍മിച്ച റോഡിനടിയില്‍പെട്ടു ശരീരഭാഗം അനക്കാനാവാതെ മണിക്കൂറുകളോളം കിടന്ന് മരിക്കേണ്ടിവന്ന നായ മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരതയുടെ ബാക്കിപത്രമാകുന്നു. ഉത്തര്‍പ്രദേശ് പൊതുമരാമത്ത് വകുപ്പിന്റെ ക്രൂരതയാണ് നായയുടെ ജീവനെടുത്തത്.
നായയുടെ പിന്‍കാലുകള്‍ പൂര്‍ണമായും റോഡിനടിയിലായിരുന്നു. ചുട്ടുപൊള്ളുന്ന ടാര്‍ നായയുടെ ദേഹത്ത് ചൊരിഞ്ഞുകൊണ്ടാണ് റോഡ് നിര്‍മാണം തകൃതിയായി നടന്നത്. ആഗ്രയിലെ ഫതേഹബാദില്‍ ചൊവ്വാഴ്ച രാത്രിയിലാണ് മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത്. റോഡ് ടാറിങ് നടക്കുമ്‌ബോള്‍ നായക്ക് ജീവനുണ്ടായിരുന്നെന്നും നായ വേദനകൊണ്ട് ഉറക്കെ ഓരിയിട്ടിട്ടും നിര്‍മാണ തൊഴിലാളികള്‍ അത് അവഗണിച്ച് ജോലി തുടരുകയായിരുന്നെന്നും സമീപവാസികള്‍ പറഞ്ഞു. എന്നാല്‍ പ്രവൃത്തി നടന്നത് രാത്രിയായിരുന്നതിനാല്‍ തൊഴിലാളികള്‍ നായയെ കണ്ടിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
നായയുടെ കാലുകള്‍ റോഡിനടിയില്‍ മൂടിക്കിടക്കുന്ന അവസ്ഥയിലാണ് താന്‍ കണ്ടതെന്ന് ആഗ്രയിലെ വലതുപക്ഷ പ്രവര്‍ത്തകന്‍ ഗോവിന്ദ് പരാശര്‍ പറഞ്ഞു. വേദനകൊണ്ട് പുളഞ്ഞ നായ അല്‍പസമയം കഴിഞ്ഞപ്പോള്‍ ചത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജെസിബി ഉപയോഗിച്ച് റോഡ് പൊളിച്ച് നായയെ പുറത്തെടുത്ത ശേഷം സംസ്‌കരിച്ചു. റോഡ് നിര്‍മാണ കമ്ബനിക്കെതിരെ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഗോവിന്ദ് പരാശര്‍ പറഞ്ഞു.