
26കാരിയെ 7 വര്‍ഷം പീഡിപ്പിച്ച ആള്‍ദൈവത്തിന് എതിരെ കേസ്
August 24, 2022ബെംഗളൂരു: 26 വയസ്സുകാരിയെ ഏഴ് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവത്തിനും ഭാര്യയ്ക്കുമെതിരെ കേസെടുത്തു. ബെംഗളൂരു കെആർ പുരം പൊലീസ് സ്റ്റേഷനിൽ അതിജീവിതയുടെ അമ്മ നൽകിയ പരാതിയിലാണ് നടപടി.
ഏഴ് വർഷങ്ങൾക്കു മുൻപ് സുഹൃത്തിന്റെ വീട്ടിൽ നടന്ന മതചടങ്ങിനിടെയാണ് യുവതി ‘ആധ്യാത്മിക ഗുരു ’ എന്ന നിലയിൽ അറിയപ്പെട്ടിരുന്ന ആനന്ദ മൂർത്തിയെയും ഭാര്യയെയും പരിചയപ്പെടുന്നത്. യുവതിയുടെ ജീവൻ അപകടത്തിലാണെന്നു ആനന്ദ മൂർത്തി യുവതിയെ ധരിപ്പിക്കുകയായിരുന്നു. പരിഹാരക്രിയ ചെയ്യണമെന്ന മൂർത്തിയുടെ നിർദേശം അനുസരിച്ച് പെൺകുട്ടി ഇയാളുടെ വസതിയിൽ എത്തുകയായിരുന്നുവെന്നു കെആർ പുരം പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചതോടെ വിവാഹത്തിൽ നിന്ന് പിൻമാറാൻ പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടി പറഞ്ഞു. ആനന്ദ മൂർത്തിയും ഭാര്യയും പ്രതിശ്രുത വരന്റെ വീട്ടിലെത്തി പീഡനദൃശ്യങ്ങൾ കാണിച്ചതോടെ പെൺകുട്ടിയുടെ വിവാഹ നിശ്ചയം മുടങ്ങിയിരുന്നു. ഈ സംഭവത്തോടെയാണ് യുവതിയുടെ മാതാപിതാക്കളും ബന്ധുക്കളും പീഡനവിവരം അറിയുന്നതും പൊലീസിൽ പരാതി നൽകുന്നതും. പെൺകുട്ടിയുടെ വിവാഹം നടത്താൻ ശ്രമിച്ചാൽ കുടുംബത്തെ തന്നെ കൊലപ്പെടുത്തുമെന്നു യുവതിയുടെ സഹോദരനെ ആനന്ദ മൂർത്തി ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയതോടെ പ്രതിയും ഭാര്യയും ഒളിവിൽ പോയെന്നും അന്വേഷണം ഊർജ്ജിതമാക്കിയെന്നും കെആർ പുരം പൊലീസ് അറിയിച്ചു.