
തെറിവിളിച്ചു, ഭീഷണിപ്പെടുത്തി; നടൻ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസിലും വനിതാ കമ്മിഷനിലും പരാതി
September 23, 2022നടൻ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസിൽ പരാതി നൽകി മാദ്ധ്യമപ്രവർത്തക. അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അസഭ്യവർഷം നടത്തിയെന്നും കാണിച്ചാണ് മാദ്ധ്യമപ്രവർത്തക മരട് പൊലീസിലും വനിതാ കമ്മീഷനിലും പരാതി നൽകിയത്. നടനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രമായ ‘ചട്ടമ്പി’യുടെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിനിടെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തന്റെ ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്ന ശ്രീനാഥ് ഭാസി തെറി വിളിച്ചെന്നും ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു.
ക്യാമറ ഒഫ് ചെയ്യാൻ നടൻ ആവശ്യപ്പെട്ടു. ഇതൊരു ഫൺ ഇന്റർവ്യൂ ആണെന്നും സഹകരിക്കണമെന്നും ആവശ്യപ്പെട്ട പ്രൊഡ്യൂസറെയും അസഭ്യം പറഞ്ഞെന്ന് പരാതിക്കാരി ഒരു ചാനലിനോട് പറഞ്ഞു. ശ്രീനാഥ് ഭാസി മാപ്പ് പറയണമെന്ന് പി ആർ മുഖാന്തരം തങ്ങളുടെ ടീം പിന്നീട് അറിയിച്ചു. തുടർന്ന് തങ്ങളുടെ അടുത്തെത്തിയ നടൻ ക്ഷമാപണത്തിന് പകരം കളിയാക്കുന്ന രീതിയിലായിരുന്നു സംസാരിച്ചതെന്നും മാദ്ധ്യമപ്രവർത്തക ആരോപിക്കുന്നു.