ഗവ‍ർണറുടെ അന്ത്യശാസനം തള്ളി: വിസിമാർ ആരും രാജി വെച്ചില്ല

ഗവ‍ർണറുടെ അന്ത്യശാസനം തള്ളി: വിസിമാർ ആരും രാജി വെച്ചില്ല

October 24, 2022 0 By Editor

തിരുവനന്തപുരം: ഗവ‍ർണറുടെ അന്ത്യശാസനം തള്ളി, വിസിമാർ ആരും രാജി വെച്ചില്ല. സാങ്കേതിക സർവകലാശാല വിസി നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്ന് , യുജിസി മാനദണ്ഡം പാലിക്കാതെ സർക്കാർ നിയമിച്ച 9 വൈസ് ചാൻസലർമാരോട് ഇന്ന് തന്നെ രാജിവയ്ക്കാൻ ഗവർണർ ഉത്തരവിടുകയായിരുന്നു.

ഗവർണർ ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്നുവെന്നും ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശം നൽകിയ നടപടി അസ്വഭാവികമെന്നും മുഖ്യമന്ത്രി ആരോപിച്ചു . പാലക്കാട്ടെ കെഎസ്ഇബി ഗസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം സർവകലാശാലകൾ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്), ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്), എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു), ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല എന്നിവടങ്ങളിലെ വിസിമാർ രാജിവയ്ക്കണമെന്നാണ് രാജ്ഭവൻ അടിയന്തര നിർദേശം നൽകിയത്. സാങ്കേതിക സർവകലാശാല വിസി ഡോ. എം.എസ്.രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ ചുവടു പിടിച്ചായിരുന്നു ഗവർണറുടെ ഉത്തരവ്.

വിസിമാർ ആരും രാജി വെക്കാത്ത സാഹചര്യത്തിൽ ഗവർണറുടെ അടുത്ത നീക്കം നിർണ്ണായകമായിരിക്കുകയാണ് .