കോയമ്പത്തൂരിൽ ഓടുന്ന കാർ പൊട്ടിത്തെറിച്ച് എൻജിനീയറിങ് ബിരുദധാരി മരിച്ചു; മരിച്ചത് എൻഐഎ ചോദ്യംചെയ്‌തയാൾ; ചാവേറാക്രമണമെന്ന് സൂചന
കോയമ്പത്തൂരിൽ ഓടുന്ന കാറിനുള്ളിൽ നടന്ന സ്ഫോടനത്തിൽ യുവാവ് മരിച്ചു. കാർ പൂർണമായി കത്തിനശിച്ചു. കാറിനുള്ളിലെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഉക്കടം ജിഎം നഗറിൽ താമസിക്കുന്ന എൻജിനീയറിങ് ബിരുദധാരിയായ ജമേഷ മുബിൻ (25) ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
ചാവേറാക്രമണമാണെന്നാണ് സൂചന. മരിച്ചയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. പൊട്ടിത്തെറിച്ച കാറിൽ നിന്ന് ആണികളും മാർബിൾ ഭാഗങ്ങളും ലഭിച്ചു. കാർ പൂർണമായി കത്തിനശിച്ചു. ഉക്കടം ജിഎം നഗറിലെ ജമേഷ മുബിൻ (25) ആണു മരിച്ചത്. 2019ൽ ജമേഷിനെ എൻഐഎ ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്‌തുവെങ്കിലും അന്നു കേസ് എടുത്തിരുന്നില്ല. കാറിൽനിന്ന് എൽപിജി സിലിണ്ടറുകളും പൊലീസ് കണ്ടെത്തിയിരുന്നു.
ചെക്പോസ്റ്റിൽ പൊലീസിനെ കണ്ട യുവാവ് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണു സ്ഫോടനമെന്നാണു പൊലീസ് പറയുന്നത്. ഇന്നലെ പുലർച്ചെ നാലോടെയാണു സംഭവം. കാറിലുണ്ടായിരുന്ന കാർ ഡ്രൈവറാണു മരിച്ചതെന്നും ഇയാൾ മാത്രമാണു വാഹനത്തിൽ ഉണ്ടായിരുന്നതെന്നും പൊലീസ് അറിയിച്ചു. പൊള്ളാച്ചിക്കു സമീപം കഞ്ചംപെട്ടിയിലെ പ്രഭാകരൻ എന്നയാളുടേതാണു കാർ. ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണോ അപകടമുണ്ടായതെന്നും പരിശോധിക്കുമെന്നു പൊലീസ് അറിയിച്ചു. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ക്ഷേത്രത്തിന്റെ കവാടത്തിലെ താത്കാലിക ഷെൽട്ടർ ഭാഗികമായി തകർന്നു. കോയമ്പത്തൂരിൽ പൊലീസ് സുരക്ഷ ശക്തമാക്കി. സംഭവം അപകടമാണോ ഗൂഢാലോചനയുടെ ഭാഗമാണോ എന്നറിയാൻ കൂടുതൽ പരിശോധനകൾ നടത്തുമെന്നും കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷണർ വി. ബാലകൃഷ്ണൻ അറിയിച്ചു.