വിഷം കലക്കാൻ അമ്മയുടെ സഹായം, തെളിവ് നശിപ്പിക്കാൻ അമ്മാവൻ; ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്‍റേയും അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: ഷാരോൺ രാജിനെ കഷായത്തിൽ കളനാശിനി ചേർത്ത് കൊലപ്പെടുത്തിയ കേസിൽ, മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മയുടെ സഹോദരൻ…

തിരുവനന്തപുരം: ഷാരോൺ രാജിനെ കഷായത്തിൽ കളനാശിനി ചേർത്ത് കൊലപ്പെടുത്തിയ കേസിൽ, മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മയുടെ സഹോദരൻ നിർമൽ കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവർക്കും കൊലപാതകത്തിലും തെളിവു നശിപ്പിച്ചതിലും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ കേസിൽ പ്രതിചേർത്തിരുന്നു. പിന്നാലെയാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇരുവരെയും ഇന്ന് തെളിവെടുപ്പിന് എത്തിക്കുമെന്നാണ് സൂചന. ഷാരോണിന് വിഷം നല്‍കിയെന്ന് ഗ്രീഷ്മ സമ്മതിച്ച കഷായത്തിന്റെ കുപ്പി തൊട്ടടുത്തുള്ള സ്ഥലത്ത് ഉപേക്ഷിച്ചുവെന്നാണ് ഇരുവരും ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴിനല്‍കിയത്. ഇത് കണ്ടെടുക്കുന്നതിനു വേണ്ടിയാണ് തെളിവെടുപ്പ്. ഷാരോണിനു കുടിക്കാൻ നൽകിയ കഷായത്തിൽ കളനാശിനി കലക്കാൻ ഗ്രീഷ്മയെ അമ്മ സിന്ധുവാണ് സഹായിച്ചതെന്നാണ് പൊലീസ് പറയുന്നത്.

അമ്മയുൾപ്പെടെ ആർക്കും വിഷം നൽകിയതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഗ്രീഷ്മയുടെ ആദ്യ മൊഴി. സംഭവശേഷം തെളിവു നശിപ്പിക്കാൻ അമ്മാവൻ നിർമൽകുമാറും സഹായിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഇരുവരുടെയും മൊഴികളിലെ വൈരുധ്യം മുൻനിർത്തി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നു വ്യക്തമായത്. ഗ്രീഷ്മ വിളിച്ചതനുസരിച്ച് ഷാരോൺ വീട്ടിലെത്തുന്നതിനു തൊട്ടുമുൻപ് ഇരുവരും പുറത്തുപോയിരുന്നു. ഇതോടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്കു വിളിച്ചതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, പുറത്തുപോയ ഇരുവരും അധികം ദൂരേയ്ക്കു പോയിരുന്നില്ലെന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇതോടെയാണ് കൊലയ്ക്കു പിന്നിലെ ആസൂത്രിത സ്വഭാവം പൊലീസ് ഉറപ്പിച്ചത്. ഇരുവരേയും ഇന്ന് കോടതിയിൽ ഹാജരാക്കും.

മെഡിക്കൽകോളേജ് ആശുപത്രിയിൽ ഐസിയുവിലുള്ള രേഷ്മയെ ഇന്നലെ രാത്രി റിമാൻഡ് ചെയ്തിരുന്നു. 24 മണിക്കൂര്‍ നിരീക്ഷണത്തിലുള്ള ഗ്രീഷ്മയെ ആശുപത്രി സെല്ലിലേക്കോ ജിയിലിലേക്കോ മാറ്റും. ഗ്രീഷ്മയെ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ അന്വേഷണസംഘം കോടതിയിൽ നൽകും. സംഭവ ദിവസം ഷാരോൺ രാജ് ധരിച്ച വസ്ത്രം ഫോറൻസിക് പരിശോധനയ്ക്കായി കുടുംബം അന്വേഷണസംഘത്തിന് കൈമാറും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story