പോലീസിന് മുന്നില്‍ കരഞ്ഞും വിറച്ചും ബോധരഹിതയായും ഗ്രീഷ്മ; ഷാരോണിന്റെ മരണശേഷം എസ്.ഐ.യെ ഫോണില്‍ വിളിച്ച് ആത്മഹത്യാ ഭീഷണി

പോലീസിന് മുന്നില്‍ കരഞ്ഞും വിറച്ചും ബോധരഹിതയായും ഗ്രീഷ്മ; ഷാരോണിന്റെ മരണശേഷം എസ്.ഐ.യെ ഫോണില്‍ വിളിച്ച് ആത്മഹത്യാ ഭീഷണി

November 1, 2022 0 By Editor

തിരുവനന്തപുരം: ഷാരോണിന്റെ മരണശേഷം തെളിവ് നശിപ്പിക്കാന്‍ ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കം. ആദ്യം മൊഴിയെടുക്കാനെത്തിയ പാറശ്ശാല എസ്.ഐ.യുടെ നേതൃത്വത്തിലെത്തിയ പോലീസിന് മുന്നില്‍ കരഞ്ഞും വിറച്ചും ബോധരഹിതയായും വീണ ഗ്രീഷ്മ അടുത്തദിവസം തന്നെ സമനില വീണ്ടെടുത്തു.

തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി എസ്.ഐ.യെ ഫോണില്‍ വിളിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. തനിക്കുനേരേ ഉയരുന്ന ആരോപണങ്ങളിലും സംശയങ്ങളിലും അതീവ ദുഃഖിതയാണെന്നും പോലീസും അങ്ങനെ കരുതുന്നുണ്ടോയെന്നും ചോദിച്ചു. അങ്ങനെയുണ്ടെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും എസ്.ഐ.യോട് പറഞ്ഞു.

അച്ഛന്‍, അമ്മ, അമ്മാവന്‍ നിര്‍മല്‍, അമ്മയുടെ സഹോദരിയുടെ മകള്‍ പ്രശാന്തിനി എന്നിവരുടെ മൊഴിയെടുത്തിരുന്നു. പ്രശാന്തിനിയാണ് ആയുര്‍വേദ മരുന്ന് വാങ്ങിനല്‍കിയതെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ആദ്യം പറഞ്ഞത് കോകിലാരിഷ്ടമാണ് കഴിച്ചതെന്നാണ്. ആ കുപ്പി ചോദിച്ചപ്പോള്‍ ആക്രിക്കാരന് കൊടുത്തെന്നായിരുന്നു മറുപടി. പിന്നീട് പറഞ്ഞത് കദളീകല്‍പ്പം എന്ന മരുന്നെന്നാണ്. വാങ്ങിയത് പാറശ്ശാലയിലെ കടയില്‍ നിന്നാണെന്നും പോലീസിന് പ്രശാന്തിനി മൊഴി നല്‍കി. ഒഴിഞ്ഞ മരുന്നുകുപ്പി അമ്മാവന്‍ നിര്‍മല്‍ ജോലിസ്ഥലത്ത് കറി കൊണ്ടുപോയെന്നും വിശദീകരിച്ചു.

നിര്‍മല്‍ വരുന്നതുവരെ കാത്തുനിന്ന പോലീസ് കുപ്പി ശേഖരിച്ചു. പ്രശാന്തിനി പറഞ്ഞ കടയിലെത്തി തെളിവെടുത്തു. കദളീകല്‍പ്പം വരുന്ന കുപ്പി ഇതല്ലെന്നും തന്റെ മെഡിക്കല്‍ സ്റ്റോറില്‍ ഈ രസായനം വില്‍ക്കാറില്ലെന്നും കടക്കാരന്‍ ഉറപ്പിച്ച് പറഞ്ഞു. അതോടെ പ്രശാന്തിനി മൊഴി മാറ്റി. കന്നുമാമ്മൂട്ടിലെ കടയില്‍ നിന്നാണെന്നായി. അവിടെയും ഇല്ലെന്ന് അറിഞ്ഞതോടെ പുത്തന്‍കടയിലെ മെഡിക്കല്‍ സ്റ്റോര്‍ എന്നായി. കദളീകല്‍പ്പത്തിന്റെ കുപ്പി കണ്ട് ബോധ്യപ്പെട്ട പോലീസിന് ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് കിട്ടിയതല്ല ഷാരോണിന് നല്‍കിയ കഷായത്തിന്റെ കുപ്പിയെന്ന് മനസിലായി. പിന്നീട്, ഗ്രീഷ്മയാണ് തന്നോട് ഇങ്ങനെയൊക്കെ പറയണമെന്ന് പഠിപ്പിച്ചതെന്ന് പ്രശാന്തിനി പോലീസിന് മൊഴി നല്‍കി.

ഞായറാഴ്ച ക്രൈംബ്രാഞ്ച് ഗ്രീഷ്മയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് ഷാരോണിന് നല്‍കിയത് കളനാശിനിയാണെന്ന് കണ്ടെത്തിയത്. ഇതിന്റെ കുപ്പി ഗ്രീഷ്മയുടെ വീട്ടില്‍നിന്ന് കണ്ടെത്തുകയും ചെയ്തു. സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതോടെ റൂറല്‍ എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.ജെ.ജോണ്‍സന്റെ നേതൃത്വത്തില്‍ സംഘത്തില്‍ പത്ത് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്.