ശ്രീനിവാസൻ വധക്കേസ്: പോപ്പുലർ ഫ്രണ്ട് നേതാവ് യഹിയ തങ്ങൾ അറസ്റ്റിൽ
Palakkad News : പാലക്കാട്ടെ ആർഎസ്എസ് മുൻ നേതാവ് എ.ശ്രീനിവാസന്‍ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് - പിഎഫ്ഐ മുന്‍ സംസ്ഥാന കൗൺസിൽ അംഗം യഹിയ തങ്ങൾ അറസ്റ്റിൽ. കേസിൽ 45–ാം പ്രതിയാണ് യഹിയ തങ്ങൾ. യുഎപിഎ കേസിൽ വിയ്യൂര്‍ ജയിലിൽ റിമാൻഡിലായിരുന്ന യഹിയ തങ്ങളെ, അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
ഈ വർഷം ഏപ്രിലാണ് ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് എ.ശ്രീനിവാസന്‍ (45) കൊല്ലപ്പെട്ടത്. എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് എ.സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയതിനു പ്രതികാരമായാണു തൊട്ടടുത്ത ദിവസം എ.ശ്രീനിവാസനെ മേലാമുറിയിലെ കടയ്ക്കുള്ളിലിട്ടു വെട്ടിക്കൊലപ്പെടുത്തിയത്.
യുഎപിഎ കേസിൽ, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ.റൗഫും ശ്രീനിവാസൻ കേസില്‍ പ്രതിയാണ്. കേസിൽ 41ാം പ്രതിയായ ഇയാൾ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാളാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം.